SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കവെ ബെം​ഗളുരു എഫ്സിക്ക് കനത്ത തിരിച്ചടിയായി യുവതാരം ഹർമൻപ്രീത് സിങ്ങിന്റെ പരുക്ക്. കാൽമുട്ടിന് പരുക്കേറ്റ ഹർമൻ ഐഎസ്എല്ലിൽ ക്ലബിനായി കളിക്കില്ല. ബെം​ഗളുരു എഫ്സി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

പഞ്ചാബ് സ്വദേശിയായ ഹർമൻ മുന്നേറ്റനിരക്കാരനാണ്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബം​ഗാളിനായി കളിച്ച ഈ 20-കാരനെ ഇക്കുറി രണ്ട് വർഷത്തെ കരാറിലാണ് ബെം​ഗളുരു സ്വന്തമാക്കിയത്. തുടർന്ന് ഡ്യൂറാൻഡ് കപ്പിനുള്ള ബെം​ഗളുരു ടീമിൽ ഹർമനെ ഉൾപ്പെടുത്തി. ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനമാണ് ഹർമൻ പുറത്തെടുത്തത്. ഇതോടെ ഐഎസ്എല്ലിനുള്ള സ്ക്വാഡിൽ ഹർമൻ ഏതാണ്ട് സ്ഥാനമുറപ്പിച്ചതുമാണ്. എന്നാൽ ഇതിനിടെയാണ് താരത്തിന് പരുക്കേറ്റത്. ക്ലബ് അറിയിച്ചത് പ്രകാരം എഫ്സി ​ഗോവയ്ക്കെതിരെ സഡൻഡെത്ത് വരെ നീണ്ട ഡ്യൂറാൻഡ് കപ്പ് സെമി പോരാട്ടത്തിനിടെയാണ് ഹർമന് പരുക്കേറ്റത്.

അടിമുടി മാറ്റങ്ങളുമായാണ് ഇക്കുറി ബെം​ഗളുരു ഐഎസ്എല്ലിനൊരുങ്ങുന്നത്. ജർമൻ പരിശീലകൻ മാർക്കോ പെസായോളിയുടെ കീഴിലിറങ്ങുന്ന ടീമിൽ ഒരാളൊഴികെ ബാക്കി വിദേശികളൊക്കെ പുതുമുഖങ്ങളാണ്. ടീം ​ഗോവയിൽ പ്രീ സീസൺ തുടങ്ങിക്കഴിഞ്ഞു.