SHARE

വരാനിരിക്കുന്ന എ.എഫ്.സി.ക്ലബ് പോരാട്ടങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന മൂന്നാമത്തെ ക്ലബ് ബെം​ഗളുരു എഫ്.സിയാണെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു. എ.എഫ്.സി കപ്പ് പോരാട്ടത്തിനായുള്ള പ്ലേ ഓഫിലേക്കാണ് ബെം​ഗളുരു യോ​ഗ്യത നേടിയത്. ചെന്നൈയിന് ലഭിക്കുമെന്ന് പറയപ്പെട്ടിരുന്ന അവസരമാണ് ബെം​ഗളുരുവിനെ തേടിയെത്തിയത്.

ഐ.എസ്.എൽ ലീ​ഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐ-ലീ​ഗ് ജേതാക്കൾക്ക് ഏ.എഫ്.സി. കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐ.എസ്.എൽ കിരീട ജേതാക്കൾക്ക് എ.എഫ്.സി.കപ്പ് പ്ലേ ഓഫിലേക്കും യോ​ഗ്യത ലഭിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് പ്രകാരം എഫ്.സി.​ഗോവ ചാമ്പ്യൻസ് ലീ​ഗിൽ കളിക്കും. ഐ-ലീ​ഗ് ജേതാക്കളായ മോഹൻ ബ​ഗാൻ, കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്കും എ.ടി.കെ പ്ലേ ഓഫിലേക്കുമാണ് യോ​ഗ്യത നേടേണ്ടിയിരുന്നത്.

എന്നാൽ എ.ടി.കെയിലേക്ക് മോഹൻ ബ​ഗാൻ ലയിച്ചതോടെ കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഈ പുതിയ ടീമിന് യോ​ഗ്യത ലഭിക്കും. ഇതോടെ ഐ.എസ്.എൽ കിരീടജേതാക്കൾക്ക് ലഭിക്കേണ്ട പ്ലേ ഓഫ് യോ​ഗ്യത ഒഴിഞ്ഞുകിടന്നു. ഈ സാഹചര്യത്തിൽ റണ്ണേഴ്സപ്പായ ചെന്നൈയിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അവസാന നിമിഷത്തെ ട്വിസ്റ്റിൽ ബെം​ഗളുരുവിനൊപ്പമായിരുന്നു ജയം

ഐ.എസ്.എൽ ലീ​ഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയാണ് ഏ.എഫ്.സി പരി​ഗണിച്ചത്. പോയിന്റ് നിലയിൽ മൂന്നാമെത്തിയതിനാലാണ് ബെം​ഗളുരുവിന് യോ​ഗ്യത ലഭിച്ചത്. ലീ​ഗിൽ ഒന്നാമതെത്തിയ ​ഗോവ ചാമ്പ്യൻസ് ലീ​ഗിലും രണ്ടാമതെത്തിയ എ.ടി.കെ എ.എഫ്.സി കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലും കളിക്കുമെന്നതോടെയാണ് മൂന്നാമതെത്തിയ ബെം​ഗളുരുവിനെ പരി​ഗണിച്ചത്. ലീ​ഗ് ഘട്ടത്തിൽ നാലാം സ്ഥാനത്തായിരുന്നു ചെന്നെയിൻ.