SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സെമിഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് ബെംഗളുരു എഫ് സി ഫൈനലില്‍. സ്വന്തം തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളുരു വിജയിച്ചത്. ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-1ന് വിജയിച്ചിരുന്നു. എന്നാല്‍ ഇരുപാദങ്ങളിലുമായി ബെംഗളുരു 4-2 വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യമായി പ്ലേ ഓഫില്‍ കടന്ന നോര്‍ത്ത് ഈസ്റ്റ് ഒന്നാം പാദ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  ബെംഗളുരുവിന്റെ സ്വന്തം തട്ടകത്തില്‍ 71 മിനുട്ടുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനും നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞു. എന്നാല്‍ 72ാം മിനുട്ടില്‍ മിക്കുവും 87ാം മിനുട്ടില്‍ ഡീമാസ് ഡെല്‍ഗാഡോയും ഇഞ്ചുറിടൈമില്‍ സുനില്‍ ഛേത്രിയും ഗോള്‍ നേടിയപ്പോള്‍ ഹൈലാന്‍ഡേഴ്‌സ് പരാജയം സമ്മതിക്കുകയായിരുന്നു. ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് യുവതാരം ഉദാന്ത സിംഗായിരുന്നു. എഫ് സി ഗോവ- മുംബെെ സിറ്റി എഫ് സി രണ്ടാം സെമിഫൈനൽ വിജയികളെ 17ന് നടക്കുന്ന ഫൈനലിൽ ബെംഗളുരു നേരിടും.