ബെംഗളൂരു എഫ് സി യുടെ ഐ എസ് എൽ അരങ്ങേറ്റമായിരുന്നു ഇന്നത്തെ രണ്ടാം മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരു ടീമുകളുടെ ബോക്സുകളിലേക്കും കൃത്യമായ ഇടവേളകളിൽ പന്തുകളെത്തിയ മത്സരത്തിൽ, അറുപത്തിയേഴാം മിനുറ്റിലെ എഡു ഗാർഷ്യയുടേയും എക്സ്ട്രാ സമയത്തെ സുനിൽ ഛേത്രിയുടെയും ഗോളിൽ, ബെംഗളൂരു എഫ് സി ലൂസിയാൻ ഗോയന്റെ മുംബൈ എഫ് സിയെ കീഴടക്കി (2-0). ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ് സി തുടക്കം മുതൽ മികച്ചു നിന്നു.
- ആദ്യ പകുതി
കണ്ടീരവ സ്റ്റേഡിയത്തിലെ ആവേശകരമായ അന്തരീക്ഷത്തിലാണ് മത്സരം തുടങ്ങിയത്. ആദ്യമായെത്തിയ ഐ എസ് എൽ മത്സരം ഏറെ ആവേശത്തോടെയാണ് ബെംഗളൂരു കാണികൾ ഏറ്റെടുത്തത്. പതിനഞ്ചാം മിനുറ്റിൽ ബെംഗളൂരു എഫ് സിയുടെ എറിക്കിനെ ഫൗൾ ചെയ്തതിന് മുംബൈയുടെ ബ്രസീലിയൻ ഡിഫൻഡർ വിയേര മഞ്ഞക്കാർഡ് വാങ്ങി. ആദ്യ പകുതി രസകരമായിത്തുടങ്ങുമ്പോൾ മുംബൈയുടെ ലിയോ കോസ്റ്റയ്ക്ക് പരുക്കിനെത്തുടർന്ന് പുറത്ത് പോവേണ്ടി വന്നതിനും കണ്ടീരവ സാക്ഷിയായി. അവസരം പാഴാക്കാൻ ബെംഗളൂരു എഫ് സി മത്സരിച്ച ആദ്യ പകുതിയിൽ മുംബൈയും മികച്ച ചില മുന്നേറ്റങ്ങൾ നടത്തി.
ഇരുപത്തിനാലാം മിനുറ്റിൽ ഉദാന്ത സിംഗിന്റെ തകർപ്പൻ വലം കാൽ ഷോട്ട് ഗോൾ പോസ്റ്റിന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയതും ഇരുപത്തിയൊൻപതാം മിനുറ്റിൽ കോർണറിൽ നിന്ന് കിട്ടിയ അവസരം ലെനി റൊഡ്രീഗസ് പാഴാക്കിയതും ബെംഗളൂരുവിന് വിനയായി. അല്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്താൻ അവർക്ക് കഴിഞ്ഞേനേ..
- രണ്ടാം പകുതി
മുംബൈ സിറ്റിയുടെ മാറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. സാഹിൽ തമോയ്ക്ക് പകരം പരിചയ സമ്പന്നനായ മെഹ്രാജുദീൻ വാഡുവിനെ മുംബൈ കോച്ച് കളത്തിലിറക്കി. മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുറ്റിൽ ബംഗളൂരുവിന്റെ എഡു ഗാർഷ്യയുടെ നീളൻ കർവിംഗ് ഷോട്ട് മനോഹരമായി തടഞ്ഞ മുംബൈ ഗോൾകീപ്പർ അമരീന്ദർ സിംഗ് കാണികളുടെ കൈയ്യടി വാങ്ങിയതിനൊപ്പം മുംബൈ ടീമിന്റെ രക്ഷകനുമായി.
അറുപത്തിയേഴാം മിനുറ്റിൽ ആർത്ത് വിളിച്ചു കൊണ്ടിരുന്ന ബംഗളൂരു എഫ് സിയുടെ കാണികൾ കാത്തിരുന്ന നിമിഷം വന്നെത്തി. എഡു ഗാർഷ്യ എന്ന സ്പാനിഷ് സ്ട്രൈക്കറുടെ ശക്തിയേറിയ ഇടങ്കാലൻ ഷോട്ട് അമരീന്ദർ സിംഗിനെ കീഴടക്കി ഗോൾ വലയിൽ കയറുമ്പോൾ ഗ്യാലറി ആർത്ത് വിളിച്ചു.ഗോൾൾൾൾൾൾൾൾൾൾൾൾ…………..ബെംഗളൂരു എഫ് സിയുടെ യും കണ്ടീരവ സ്റ്റേഡിയത്തിലേയും ആദ്യ ഗോളായിരുന്നു കോസ്റ്റ നേടിയത്.
ഗോൾ വീണതിനു ശേഷം ബംഗളൂരു ഒന്നു കൂടി കരുത്തരാവുന്നതും മുംബൈ സിറ്റി തളർന്ന് പോകുന്നതുമാണ് കണ്ടത്. ഇതിനിടെ പല തവണ മുംബൈ ബോക്സിലേക്ക് പന്തെത്തി. എഴുപത്തിയെട്ടാം മിനുറ്റിൽ ലഭിച്ച മികച്ച അവസരംഉദാന്ത സിംഗ് പാഴാക്കി. എൺപത്തിമൂന്നാം മിനുറ്റിൽ അർഹിച്ച പെനാൽറ്റി ബംഗളൂരുവിന് നിരസിക്കപ്പെട്ടു. ബോക്സിൽ സുനിൽ ഛേത്രിയെ പിന്നിൽ നിന്ന് വലിച്ചിട്ട സഞ്ജു പ്രധാന് പകരം വീണു കിടന്ന ഛേത്രിയ്ക്കാണ് റഫറി മഞ്ഞക്കാർഡ് നൽകിയത്. നിശ്ചിത സമയം കഴിഞ്ഞപ്പോൾ, ഗ്യാലറിയിൽ പതിയെ കാണികൾ എഴുന്നേറ്റ് തുടങ്ങിയപ്പോൾ മുംബൈയുടെ മേൽ ബംഗളൂരു അവസാന ആണിയും തറച്ചു. മത്സരത്തിന്റെ എക്സ്ട്രാ സമയത്ത്, മുംബൈയുടെ ഗോൾ കീപ്പർ അമരീന്ദർ സിംഗിന് സംഭവിച്ച പിഴവ് മുതലാക്കി ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി പോസ്റ്റിലേക്ക് പന്തിനെ തട്ടിയിട്ടു. ഗ്യാലറി വീണ്ടും വിളിച്ചു ഗോൾൾൾൾൾൾൾൾൾൾൾൾ