SHARE

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ നെറോക്ക എഫ് സിയെ തോല്‍പ്പിച്ച് ബെംഗളുരു എഫ് സി സെമിഫൈനലില്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളുരു വിജയിച്ചത്. സുനില്‍ ഛേത്രിയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം. നെറോക്കയുടെ ആശ്വാസ ഗോള്‍ പ്രീതം സിംഗ് നേടി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് സമനില പാലിക്കുകയായിരുന്നു. 13ാം മിനുട്ടിലാണ് സുനില്‍ ഛേത്രി ബെംഗളുരുവിന് വേണ്ടി ഗോളടി തുടങ്ങിയത്. നെറോക്കയ്ക്ക് ലഭിച്ച ത്രോബോളില്‍ പന്ത് പിടിച്ചെടുത്ത് ബെംഗളുരുവിന്റെ മുന്നേറ്റം. ഒടുവില്‍ ബോക്‌സിനുള്ളിലേക്ക് ലഭിച്ച ക്രോസ്സില്‍ തല വെച്ച് ഛേത്രി ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് പ്രീതം സിംഗ് നെറോക്കയെ ഒപ്പമെത്തിച്ചത്.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്തുമിനുട്ടിനകം ഛേത്രി ബെംഗളുരുവിന് വീണ്ടും ലീഡ് നല്‍കി. പെനാല്‍ട്ടി ബോക്‌സിലേക്ക് ലഭിച്ച ലോംഗ് ബോളാണ് ബെംഗളുരു നായകന്‍ നെറോക്കയുടെ വലയിലേക്ക് എത്തിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ഛേത്രി തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കിയതോടെ ബെംഗളുരുവിന് 3-1ന്റെ വിജയം. 17ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ മോഹന്‍ ബഗാനാണ് ബെംഗളുരുവിന്റെ എതിരാളികള്‍. 16ന് ആദ്യ സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സി ഗോവയെ നേരിടും. ഏപ്രില്‍ 20നാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം.