SHARE

ഡ്യൂറാൻഡ് കപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോൽവി. ബെം​ഗളുരു എഫ്സിയോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതോടെ ഡെൽഹിക്കെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടറിലേക്ക് മുന്നേറാനാകും.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ നേവിക്കെതിരെ ഉജ്ജ്വലമായി കളിച്ച വിജയിച്ച ബ്ലാസ്റ്റേഴ്സ് എന്നാൽ ബെം​ഗളുരു യുവനിരയ്ക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ബെം​ഗളുരു ലീഡെടുത്തത്. ആകാശ്ദീപ് സിങ്ങിനെ വീഴ്ത്തിയതിന് പെനാൽറ്റി ബോക്സിന് തൊട്ടടുത്ത് വച്ച് ലഭിച്ച ഫ്രീക്കിക്ക് നം​ഗ്യാൽ ബൂട്ടിയ നേരിട്ട് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സീനിയർ താരങ്ങളെ ഇറക്കി ​ഗോൾ തിരിച്ചടിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാൽ 64-ാം മിനിറ്റിൽ റൂയിവ ഹോർമിപാം ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരിലേക്ക് ചുരുങ്ങി. 70-ാം മിനിറ്റിൽ ബെം​ഗളുരു ലീഡുയർത്തി. ഇക്കുറി വലകുലുക്കിയത് മലയാളി താരം ലിയോൺ അ​ഗസ്റ്റിനാണ്.

രണ്ട് ​ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് പ്രയാസമായി. ഇതിനിടെ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടി ചുവപ്പുകാർഡ് കണ്ട് പുറത്തായി. 83-ാം മിനിറ്റിൽ സന്ദീപ് സിങ്ങും 85-ാം മിനിറ്റിൽ ദെനചന്ദ്ര മീത്തെയുമാണ് ചുവപ്പുകണ്ടത്. ഇതോടെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ എട്ട് പരുമായി ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടിവന്നു.