SHARE

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി തങ്ങളുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽത്തന്നെ കളിക്കും. ഇന്ന് ടീം ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു.

നേരത്തെ കർണാടക അത്ലറ്റിക് അസോസിയേഷനുമായുള്ള തർക്കം മൂലം ബെംഗളൂരു എഫ് സിക്ക് ഈ സീസണിൽ ബെംഗളൂരുവിൽ ഹോം മത്സരങ്ങൾ കളിക്കാനാവില്ലെന്ന സ്ഥിതിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്റ്റേഡിയം ഉപയോഗിക്കാൻ ബെംഗളൂരുവിന് അനുമതി നൽകിക്കൊണ്ട് കർണാടക സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് എമ്പവർമെന്റ് ആൻഡ് സ്പോർട്സ് കത്തയച്ചു. എങ്കിലും മത്സരത്തിനായി ഗ്രൗണ്ട് ഒരുക്കാൻ സമയം ആവശ്യമായതിനാൽ സീസണിലെ ആദ്യ മത്സരം ബെംഗളൂരുവിൽ നടന്നേക്കില്ലെന്ന വാർത്തകൾ പിന്നാലെ‌ വന്നു. ഇന്ന് ബെംഗളൂരു എഫ് സി, തങ്ങളുടെ മുഴുവൻ ഹോം മത്സരങ്ങളും കണ്ടീരവയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അവസാനമായി.

2014-15 സീസൺ ഐലീഗ് മുതൽ ബെംഗളൂരു എഫ് സി യുടെ ഹോം ഗ്രൗണ്ടാണ് ശ്രീ കണ്ടീരവ സ്റ്റേഡിയം. 2017-18 സീസണിൽ ഐ എസ് എല്ലിൽ എത്തിയതിന് ശേഷം വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ബെംഗളൂരു ഇവിടെ തോറ്റിട്ടുള്ളത്. കഴിഞ്ഞ‌സീസൺ ഐ എസ് എല്ലിൽ കണ്ടീരവയിൽ ഒരു മത്സരം പോലും ബെംഗളൂരു പരാജയപ്പെട്ടിരുന്നില്ല.