SHARE

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സെമി പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബെംഗളൂരുവും പൂനെയും ഗോൾ രഹിത സമനില പാലിക്കുന്നു. (ബെംഗളൂരു എഫ് സി 0-0 എഫ്.സി പൂനെ സിറ്റി) . പൂനെയുടെ ഹോം ഗ്രൗണ്ടായ ബാലെവാഡി സ്പോർട്സ് കോമ്പ്ലക്സിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുപ്പത്തിയൊന്നാം മിനുറ്റിലെ സുനിൽ ഛേത്രിയുടെ ഫ്രീ കിക്കും, അത് രക്ഷപെടുത്തിയ പൂനെ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ ഒറ്റക്കൈയ്യൻ സേവുമാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്സ്.

ബെംഗളൂരു എഫ് സി യുടെ ടച്ചോട് കൂടിയാണ് പൂനെയിലെ ബാലെവാഡി സ്പോർട്സ് കോമ്പ്ലക്സിൽ നടക്കുന്ന നാലാം സീസൺ ഐ എസ് എല്ലിന്റെ ആദ്യ സെമി ഫൈനലിന് തുടക്കമായത്. നാലാം മിനുറ്റിലായിരുന്നു മത്സരത്തിലെ ആദ്യ മുന്നേറ്റം. പൂനെ താരം സഹീൽ പൻ വാറിന്റെ മനോഹരമായ ലോഫ്റ്റ് ബോൾ ബെംഗളൂരു ബോക്സിൽ ആഷിഖ് കുരുനിയനെ തേടിയെത്തിയെങ്കിലും പന്ത് കണ്ട്രോൾ ചെയ്ത് നിർത്തുന്നതിൽ താരം പരാജയപ്പെട്ടു. മികച്ച രീതിയിൽ പന്തിനെ നിയന്ത്രിച്ച് നിർത്താൻ ആഷിഖിന് കഴിഞ്ഞിരുന്നെങ്കിൽ ആദ്യ മിനുറ്റുകളിൽ തന്നെ ബെംഗളൂരുവിനെ ഞെട്ടിക്കാൻ പൂനെയ്ക്ക് കഴിഞ്ഞേനെ.

തുടർന്നും പൂനെയുടെ മുന്നേറ്റങ്ങളായിരുന്നു മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ഇതിനിടെ മത്സരത്തിന്റെ പന്ത്രണ്ടാം മിനുറ്റിൽ ബെംഗളൂരു ബോക്സിൽ പൂനെ ആക്രമണവുമായി എത്തിയെങ്കിലും കൃത്യമായ ഇടപെടൽ നടത്തിയ ബെംഗളൂരു പ്രതിരോധം അപകടം ഒഴിവാക്കി.  മത്സരം മന്ദഗതിയിൽ മുന്നോട്ട് നീങ്ങുമ്പോളായിരുന്നു ബെംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ മികച്ച മുന്നേറ്റം വന്നത് ഇടത് വിംഗിൽ നാല് പൂനെ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയ ഛേത്രി പൂനെ ബോക്സിലേക്ക് നൽകിയ പന്തിനെ പക്ഷേ അപകടകരമായ ഒന്നാക്കി മാറ്റാൻ സഹതാരത്തിനായില്ല. തൊട്ടടുത്ത മിനുറ്റിൽ പൂനെ ബോക്സിനെ ലക്ഷ്യമാക്കി ടോണി ഡോവാലെ ഒരു ബുള്ളറ്റ് ലോംഗ് റേഞ്ചറിന് ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിന് ഏറെ അകലെക്കൂടെ പുറത്തേക്ക് പോയി.

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുറ്റിൽ മാർസലീഞ്ഞോയെ ഫൗൾ ചെയ്തതിന് ബെംഗളൂരുവിന്റെ പതിനാലാം നമ്പർ താരം ഡീമാസ് ഡെൽഗാഡോയ്ക്കും മുപ്പതാം മിനുറ്റിലെ മിക്കുവിനെതിരെയുള്ള ഫൗളിന് പൂനെയുടെ ഗുർതേജ് സിംഗിനും മഞ്ഞക്കാർഡ് ലഭിച്ചു.

മുപ്പത്തിയൊന്നാംമിനുറ്റിലായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും സുന്ദരമായ നിമിഷം പിറന്നത്. ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുത്തത് നായകൻ സുനിൽ ഛേത്രി. ഛേത്രിയുടെ എണ്ണം പറഞ്ഞ ഫ്രീകിക്ക് പൂനെ പോസ്റ്റിലേക്ക് ഊളിയിട്ടിറങ്ങാൻ തുടങ്ങിയെങ്കിലും ഒറ്റക്കൈയൻ രക്ഷപെടുത്തലിലൂടെ ഗോൾ കീപ്പർ വിശാൽ കെയ്ത് പൂനെ രക്ഷകനായി.

പ്രതിരോധ ഫുട്ബോൾ കളിക്കുന്നതിൽ ഇരു ടീമുകളും പിന്നീട് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സ്കോർ ബെംഗളൂരു എഫ് സി 0-0 എഫ് സി പൂനെ സിറ്റി.