SHARE

ഇംഗ്ല‌ണ്ടിൽ സ്പിന്നിന് ഏറ്റവും മികച്ച പിന്തുണ നൽകുന്ന ഓവലിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ നിരയിൽ കളിക്കാൻ സാധ്യതയെന്നും, എന്നാൽ മത്സരദിനം രാവിലെയേ ഇക്കാര്യത്തിൽ അന്തിമ‌തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി ഇന്ത്യൻ ടീമിന്റെ ബോളിംഗ് പരിശീലകനായ ഭരത് അരുൺ. നാലാം ടെസ്റ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“അശ്വിൻ ഞങ്ങൾക്കൊപ്പമുള്ള ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണെന്നതിൽ സംശയമില്ല. അദ്ദേഹം ഇതു വരെ കളിക്കാത്തത് തീർത്തും നിർഭാഗ്യകരമാണ്. പക്ഷേ ഒരവസരമുണ്ടെങ്കിൽ, അവന് പദ്ധതികളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നുവെങ്കിൽ അവർ രണ്ട് പേരും (ജഡേജയും, അശ്വിനും) തീർച്ചയായും ഒരുമിച്ച് പന്തെറിയും.” ഭരത് അരുൺ പറഞ്ഞു.

ഓവലിലെ പിച്ച് സാധാരണ സ്പിന്നർമാർക്ക് സഹായം നൽകുന്നുണ്ടെന്ന് വസ്തുത ഇന്ത്യൻ ടീമിന് അറിയാമെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ അരുൺ, അശ്വിന്റെ ട്രാക്ക് റെക്കോർഡ് അറിയാവുന്ന ഇംഗ്ലണ്ട്, സ്പിന്നർമാരെ സഹായിക്കുന്ന പിച്ച് നൽകുമോയെന്ന് കണ്ടറിയണമെന്നും കൂട്ടിച്ചേർത്തു.

“ഓവലിലെ ചരിത്രം പറയുന്നത് അത് സ്പിന്നിനെ സഹായിക്കുമെന്നാണ്. ട്രാക്കിൽ നിന്ന് സ്പിന്നിന് സഹായം ലഭിക്കുകയാണെങ്കിൽ അശ്വിന്റെ കഴിവുകളെക്കുറിച്ച് ഇംഗ്ലീഷുകാർ എങ്ങനെ ജാഗ്രത പുലർത്തുമെന്ന് നിങ്ങൾക്കറിയാം. ഇപ്പോൾ മുതൽ നാളെ വരെ എന്തും സംഭവിക്കാൻ ഇടയുള്ളതിനാൽ, രാവിലെ ട്രാക്ക് നോക്കിയ ശേഷം അന്തിമ തീരുമാനമെടുക്കാം എന്നതാണ് ഏറ്റവും നല്ല കാര്യം. അതിനാൽ നാളെ രാവിലയേ ഞങ്ങൾ അക്കാര്യത്തിൽ (അശ്വിൻ കളിക്കുമോ ഇല്ലയോ) തീരുമാനമെടുക്കൂ.”ഭരത് അരുൺ പറഞ്ഞു നിർത്തി.