SHARE

ക്രിക്കറ്റ് ലോകത്ത് പിന്‍നിരക്കാരാണെങ്കിലും അടുത്തിടെയായി നേപ്പാള്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഈ മാസം ആദ്യം യുഎഇയ്‌ക്കെതിരേ ചരിത്രത്തിലാദ്യമായി ഏകദിന, ട്വന്റി-20 പരമ്പര നേടിയിരുന്നു ഇന്ത്യയുടെ അയല്‍ക്കാര്‍. ആ പരമ്പരയില്‍ പ്രായം കുറഞ്ഞ ഏകദിന അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന റിക്കാര്‍ഡ് നേപ്പാളി താരം രോഹിത് പൗഡല്‍ സ്വന്തമാക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ നടന്ന ട്വന്റി-20യില്‍ സുദീപ് ജോറ എന്ന യുവതാരം കുട്ടിക്രിക്കറ്റിലെ പ്രായംകുറഞ്ഞ അര്‍ധസെഞ്ചുറിയും നേടി. ഇപ്പോഴിതാ നേപ്പാള്‍ ക്രിക്കറ്റ് വീണ്ടും വാര്‍ത്തയാകുകയാണ്. നേപ്പാളില്‍ നടക്കുന്ന ദന്‍ഗുഡി പ്രീമിയര്‍ ലീഗില്‍ ഭീം സര്‍ക്കിയെന്ന യുവതാരം എടുത്ത ക്യാച്ചില്‍ വണ്ടറടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ബൗണ്ടറിലൈനില്‍ പറന്ന് ക്യാച്ചെടുക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. സാക്ഷാല്‍ ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന ക്യാച്ചാണ് പതിനേഴുകാരനായ സര്‍ക്കി എടുത്തത്. അതിലും കൗതുകകരമായ വസ്തുത എന്തെന്നുവച്ചാല്‍ റോഡ്‌സ് ഈ മത്സരം കാണാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്നു എന്നതാണ്. ഡിപിഎല്ലിന്റെ ഗുഡ്‌വില്‍ അംബാസിഡറാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം.