SHARE

വെസ്റ്റിൻഡീസിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ കളിച്ചേക്കില്ലെന്ന് സൂചന. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ കളിച്ചിരുന്ന താരം കടുത്ത വേദന സഹിച്ച് കൊണ്ടായിരുന്നു മത്സരങ്ങൾക്കിറങ്ങിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

ഇന്ത്യ ജയം കണ്ട മൂന്നാം ടി20ക്ക് ശേഷം ഭുവി വേദന കൊണ്ട് പുളയുകയായിരുന്നെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഭുവിയുടെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സമീപകാലത്തെ താരത്തിന്റെ പരിക്കുകളുടെ റെക്കോർഡ് നോക്കിയാൽ വിൻഡീസിനെതിരായ ഏകദിന‌പരമ്പരയിൽ നിന്ന് അദ്ദേഹത്തിന് വിശ്രമം നൽകാൻ തന്നെയാണ് സാധ്യത.

ഇന്ത്യൻ ടീമിന്റെ മുൻ നിര പേസ് ബോളറായി വിലസിയിരുന്ന ഭുവനേശ്വർ കുമാറിന് പരിക്കുകൾ കഴിഞ്ഞ ഒന്നരക്കൊല്ലമായി കനത്ത തിരിച്ചടികൾ നൽകുന്നുണ്ട്. 2018 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ താരം കളിച്ചിട്ടില്ല. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരെയും, ഓസ്ട്രേലിയക്കെതിരെയും അവരുടെ നാട്ടിൽ നടന്ന പരമ്പരകളിൽ കളിക്കാൻ ഭുവിക്ക് കഴിഞ്ഞിരുന്നില്ല.