SHARE

ഫുട്‌ബോളില്‍ ഭൂട്ടാന്‍ എന്ന കൊച്ചുരാജ്യം വെറും ശിശുക്കളാണ്. എന്നാല്‍ ചെഞ്ചോ ജെല്‍ത്‌ഷെന്‍ എന്ന താരം ഭൂട്ടാന്‍കാര്‍ക്ക് അവരുടെ സ്വന്തം റൊണാള്‍ഡോയാണ്. കളി മിടുക്കു കൊണ്ട് ഭൂട്ടാനില്‍ ആരവം തീര്‍ത്ത താരം ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഐലീഗില്‍ പുതുനിരക്കാരായ മിനര്‍വ പഞ്ചാബിനുവേണ്ടി ബൂട്ടുകെട്ടാന്‍.

ചെറിയ പുള്ളിയൊന്നുമല്ല ഈ 21കാരന്‍ സ്‌ട്രൈക്കര്‍. ഭൂട്ടാന്‍ നാഷണല്‍ ലീഗില്‍ ഗോളടിച്ചു കൂട്ടിയാണ് ഇന്ത്യയിലേക്കുള്ള വരവ്. മിനര്‍വയ്ക്കായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ ചെഞ്ചോയ്ക്കായി. ഇന്ത്യന്‍ ആരോസിനെ കഴിഞ്ഞദിവസം 1-0ത്തിന് തോല്പിച്ചപ്പോള്‍ ചെഞ്ചോയാണ് വലകുലുക്കിയത്. കളിമിടുക്കില്‍ മുന്നിലുള്ള താരത്തെ ചില ഐഎസ്എല്‍ ക്ലബുകള്‍ നേരത്തെ നോട്ടമിട്ടിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടതോടെയാണ് ഐലീഗില്‍ എത്തിയത്.

തായ്‌ലന്‍ഡ്, ചില ഗള്‍ഫ് ക്ലബുകള്‍ എന്നിവരും ചെഞ്ചോയുടെ കളിയില്‍ ആകൃഷ്ടരാണ്. കഴിഞ്ഞ വര്‍ഷം ഭൂട്ടാന്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരം ഇപ്പോള്‍ സീനിയര്‍ ഭൂട്ടാന്‍ ടീമിലും കളിക്കുന്നുണ്ട്. വേഗവും കൃത്യതയുമാണ് ചെഞ്ചോയെ വ്യത്യസ്തനാക്കുന്നത്. ഈ ഭൂട്ടാന്‍ താരത്തിന്റെ കളി കാണാന്‍ മലയാളികള്‍ക്കും അവസരമുണ്ട്. മിനര്‍വ- ഗോകുലം എഫ്‌സി കളി അടുത്തു തന്നെ കോഴിക്കോട് നടക്കുന്നുണ്ട്. എന്തായാലും ഒരുകാര്യം പ്രതീക്ഷിക്കാം. സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെഞ്ചോയെ കണ്ടേക്കാം.