ഐ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി നൽകി സൂപ്പർതാരം ഭുവനേശ്വർ കുമാർ ടൂർണമെന്റിൽ നിന്ന് പിന്മാറി. പരുക്കിനെത്തുടർന്നാണ് പിന്മാറ്റം. എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരുക്കേറ്റത്. താരത്തിന്റെ ഇടുപ്പിനാണ് പരുക്കേറ്റത്. ഇതോടെ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ ഭുവനേശ്വർ കളിച്ചിരുന്നില്ല. തുടർന്നാണിപ്പോൾ താരം ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നത്.
നേരത്തെ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ, ഭുവനേശ്വറിന് കുറച്ച് മത്സരങ്ങൾ മാത്രമെ നഷ്ടമാകു എന്നാണ് അറിയിച്ചിരുന്നത്. എന്നാലിപ്പോൾ താരം ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായതോടെ ടീമിന്റെ ഭാവിപ്രകടനത്തേയും അത് കാര്യമായി ബാധിക്കാനാണ് സാധ്യത.