SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും ടി20 പരമ്പരയും വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറും. ടെസ്റ്റ് പരമ്പര 2-1ന് പരാജയപ്പെട്ടെങ്കിലും ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് ഭുവിയുടെ വിലയിരുത്തല്‍.

ടെസ്റ്റ് പരമ്പരയില്‍ 2 മത്സരങ്ങളില്‍ നിന്ന് പത്തു വിക്കറ്റുകളും, ഏകദിനത്തില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് രണ്ടു വിക്കറ്റുകളുമാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. എന്നാല്‍ ടി20 പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റുകളുമായി താരം ശക്തമായി തിരിച്ചുവന്നു. ടി20 പരമ്പരയിലെ താരവും ഭുവനേശ്വര്‍ കുമാറായിരുന്നു. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന വിദേശ പര്യടനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. മാര്‍ച്ച് ആറിന് ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫിയാണ് ഇനി ഇന്ത്യ കളിക്കുന്ന വിദേശ പര്യടനം. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ ഭുവിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഐ പി എല്ലിന് ശേഷം അയര്‍ലാന്‍ഡിലും ഇംഗ്ലണ്ടിലുമാണ് ഇന്ത്യ വിദേശപര്യടനങ്ങള്‍. ഇതില്‍ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന പര്യടനം തന്നെയാണ് പ്രധാനം. ഇംഗ്ലണ്ടില്‍ 3 ടി20 മത്സരങ്ങളും 3 ഏകദിനങ്ങളും അഞ്ചു ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം തന്ന ആത്മവിശ്വാസത്തോടെ തന്നെ ഇംഗ്ലണ്ട് പര്യടനത്തിലും കളിക്കുമെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്.

‘ ഇന്ത്യന്‍ ടീം ഇനി നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പര്യടനങ്ങളാണ്, ഇപ്പോള്‍ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനം മികച്ച രീതിയിലാണ് അവസാനിച്ചത്, ടെസ്റ്റ് പരമ്പരയില്‍ 3-0ന് തോല്‍ക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു, എന്നാല്‍ 2-1 എന്നത് ഒരു തരത്തില്‍ വിജയം തന്നെയാണ്. ഈ ആത്മവിശ്വാസത്തോടെ തന്നെ, ഇംഗ്ലണ്ട് പര്യടനത്തെയു നേരിടും,’ -ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.