SHARE

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിന് ഇന്ത്യയിലെ അഭ്യന്തര ടൂർണമെന്റായ രഞ്ജി‌ട്രോഫിയിലും മികച്ച റെക്കോർഡാണുള്ളത്. തന്റെ മുപ്പത്തിയാറാം വയസിൽ, അതായത് 2008-09 സീസണിലാണ് അദ്ദേഹം രഞ്ജി‌ട്രോഫിയിൽ ആദ്യമായി പൂജ്യത്തിന്‌ പുറത്തായത്. അന്ന് സച്ചിനെ അക്കൗണ്ട് തുറക്കുന്നതിന്‌ മുന്നേ പുറത്താക്കിയതോ, ഇന്നത്തെ ഇന്ത്യൻ ടീമിലെ‌സ്റ്റാർ ബോളറായിരുന്ന ഭുവനേശ്വർ കുമാറും.

2008-09 സീസണിൽ ഉത്തർപ്രദേശിനെതിരെ നടന്ന രഞ്ജി മത്സരത്തിലായിരുന്നു മുംബൈ താരമായിരുന്ന സച്ചിൻ പൂജ്യത്തിന് പുറത്തായത്. അന്ന് 19 വയസുണ്ടായിരുന്ന തനിക്ക് സച്ചിന്റെ വിക്കറ്റ് ലഭിക്കുന്നതിന് കാരണക്കാരനായത് ഉത്തർപ്രദേശ് നായകനായിരുന്ന മൊഹമ്മദ് കൈഫ് ആണെന്നാണ് ഭുവി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിന്റെ വിക്കറ്റ് ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നും, അന്ന് ടീമിന്റെ‌ നായകനായിരുന്ന മൊഹമ്മദ് കൈഫ് ഒരുക്കിയ മികച്ച ഫീൽഡ് മൂലമാണ് സച്ചിൻ പൂജ്യത്തിന് പുറത്തായതെന്നും ഭുവി കൂട്ടിച്ചേർത്തു. ” സച്ചിന്റെ വിക്കറ്റ് ലഭിച്ചത് ഭാഗ്യംകൊണ്ടാണ്, ഇതിന്റെ മുഴുവൻക്രെഡിറ്റും ഫീൽഡ് ഒരുക്കിയ നായകൻ മൊഹമ്മദ് കൈഫിന് ഉള്ളതാണ്. ഞാനൊരു ഇൻസ്വിംഗർ എറിഞ്ഞു, ബാക്കിയെല്ലാം യാദൃച്ഛികമായി സംഭവിക്കുകയായിരുന്നു.” ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരായ സ്മൃതി മന്ദാന, ജെമീമ റൊഡ്രീഗസ് എന്നിവർ നടത്തിയ യൂടൂബ് ചാറ്റ് ഷോയിൽ സംസാരിക്കവെ ഭുവി പറഞ്ഞു.