SHARE

തന്റെ ക്രിക്കറ്റ് കരിയർ മാറ്റി മറിച്ചത് രഞ്ജി‌ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറെ പൂജ്യത്തിന് പുറത്താക്കിയതാണെന്ന് ഇന്ത്യൻ സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുമ്പോളായിരുന്നു ഇന്ത്യൻ പേസർ ഇക്കാര്യത്തിൽ മനസ് തുറന്നത്.

2008-09 സീസണിലെ രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന് വേണ്ടി മുംബൈക്കെതിരെ കളിക്കുമ്പോളായിരുന്നു ഭുവി സച്ചിനെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ പുറത്താക്കിയത്‌. സച്ചിൻ രഞ്ജി ട്രോഫിയിൽ ആദ്യമായിട്ടായിരുന്നു അന്ന് പൂജ്യത്തിന് പുറത്താകുന്നതും. ഈ വിക്കറ്റ് തന്റെ കരിയറിനെ പാടേ മാറ്റിമറിച്ചുവെന്ന് ഭുവി ഓർത്തെടുക്കുന്നു. സച്ചിനെ അന്ന് പുറത്താക്കിയതിന് ശേഷം ആളുകൾ തന്നെ ശ്രദ്ധിച്ച് തുടങ്ങിയെന്നും പിന്നീട് എന്റെ പഴയ സ്റ്റാറ്റസുകൾ തപ്പിപ്പിടിച്ച് സ്ഥിരതയാർന്ന പ്രകടനങ്ങൾ ഞാൻ നടത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ഭുവി കൂട്ടിച്ചേർത്തു.

-Advertisement-

കഴിഞ്ഞയിടയ്ക്ക് ഒരു യൂടൂബ് പരിപാടിയിൽ പങ്കെടുക്കവെ സച്ചിനെ രഞ്ജി ട്രോഫിയിൽ പൂജ്യത്തിന് പുറത്താക്കിയതിനെക്കുറിച്ച് ഭുവി മനസ് തുറന്നിരുന്നു. അന്ന് 19 വയസുണ്ടായിരുന്ന തനിക്ക് സച്ചിന്റെ വിക്കറ്റ് ലഭിക്കുന്നതിന് കാരണക്കാരനായത് ഉത്തർപ്രദേശ് നായകനായിരുന്ന മൊഹമ്മദ് കൈഫ് ആണെന്നായിരുന്നു ഭുവി വെളിപ്പെടുത്തിയത്. സച്ചിന്റെ വിക്കറ്റ് ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നും, അന്ന് ടീമിന്റെ‌ നായകനായിരുന്ന മൊഹമ്മദ് കൈഫ് ഒരുക്കിയ മികച്ച ഫീൽഡ് മൂലമാണ് സച്ചിൻ പൂജ്യത്തിന് പുറത്തായതെന്നുമായിരുന്നു ഭുവി പറഞ്ഞത്. ഈ വിക്കറ്റിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” സച്ചിന്റെ വിക്കറ്റ് ലഭിച്ചത് ഭാഗ്യം കൊണ്ടാണ്, ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഫീൽഡ് ഒരുക്കിയ നായകൻ മൊഹമ്മദ് കൈഫിന് ഉള്ളതാണ്. ഞാനൊരു ഇൻസ്വിംഗർ എറിഞ്ഞു, ബാക്കിയെല്ലാം യാദൃച്ഛികമായി സംഭവിക്കുകയായിരുന്നു.”