SHARE

പരിക്കിനെത്തുടർന്ന് സ്റ്റാർ പേസർ ഭുവനേശ്വർ കുമാറിന് ഇന്ത്യൻ ടീമിന്റെ ന്യൂസിലൻഡ് പര്യടനം നഷ്ടമാകുമെന്ന് റിപ്പോർട്ട്. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്ക് കലശലായ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. നിലവിലെ പരിക്കിന്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡ് പര്യടനത്തിൽ ഭുവി ഇന്ത്യൻ ടീമിലുണ്ടാകാൻ ഒരു ശതമാനംപോലും സാധ്യതയില്ലെ‌‌ന്നാണ് പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കിയത്.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റിന് പുറത്തായിരുന്ന ഭുവി, ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കളിച്ചാണ് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്‌. തുടർന്ന് വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുമെത്തി‌. എന്നാൽ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഭുവിക്ക് ശക്തമായ വേദന അനുഭവപ്പെടുകയും, പിന്നീടുള്ള പരിശോധനയിൽ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വ്യക്തമാവുകയുമായിരുന്നു.

-Advertisement-

ഇപ്പോളത്തെ അവസ്ഥയിൽ ഏറ്റവുംകുറഞ്ഞത് രണ്ട് മാസ സമയമെങ്കിലും ഭുവിക്ക് പരിക്കിൽ നിന്ന് മോചിതനാവാൻ വേണ്ടി‌വന്നേക്കും. എന്നാൽ ഇതിൽക്കൂടുതൽ സമയം പരിക്ക് സുഖപ്പെടാൻ ആവശ്യമാണെന്നും അടുത്ത സീസൺ ഐപിഎൽ ആകുമ്പോൾ മാത്രമേ അദ്ദേഹം പരിക്കിൽ നിന്ന് മോചിതനാകൂ എന്നും റിപ്പോർട്ടുകളുണ്ട്‌.