SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഫീൽഡിംഗുമായി ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്താക്കാൻ ഭുവനേശ്വർ കുമാർ എടുത്ത ക്യാച്ചാണ്, ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയത്‌. തകർത്തടിച്ച് കൊണ്ടിരുന്ന മാക്സ്‌വെൽ പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുകയും ചെയ്തു‌.

ഓസീസ് ഇന്നിംഗ്സിന്റെ മുപ്പത്തിയഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ ഗംഭീര ക്യാച്ച് പിറന്നത്. മൊഹമ്മദ് ഷാമി എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ബൗൺസറായിരുന്നു‌. എന്നാൽ‌ മാക്സ്‌വെല്ലിന് പന്ത് കൃത്യമായി കണക്ട് ചെയ്യാനായില്ല. മാക്സ്‌വെല്ലിന്റെ ബാറ്റിന്റെ എഡ്ജിൽ കുരുങ്ങിയ പന്ത് ലെഗ് സൈഡിലേക്ക് ഉയർന്ന് പൊങ്ങി. എന്നാൽ ഡീപ്പ് ഫൈൻ ലെഗ്ഗിൽ ഫീൽഡ് ചെയ്ത് കൊണ്ടിരുന്ന ഭുവി കൃത്യമായി പന്തിന്റെ ഗതി മനസിലാക്കി തകർപ്പൻ ക്യാച്ചിലൂടെ മാക്സ്‌വെല്ലിനെ പുറത്താക്കുകയായിരുന്നു‌.