SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കേപ്ടൗണിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഭുവനേശ്വർ കുമാർ ഇന്ത്യൻ നിരയിൽ കളിക്കില്ലായിരുന്നെന്നും മത്സരത്തിന് തൊട്ടുമുൻപ് ഇഷാന്ത് ശർമ്മയ്ക്ക് കളിക്കാനാവാതെ വന്നതിനാൽ ഭുവിക്ക് പകരം നറുക്ക് വീഴുകയായിരുന്നെന്നും റിപ്പോർട്ട്. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ച ഭുവനേശ്വർ മത്സരത്തിൽ മൊത്തം 6 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഇഷാന്ത് ശർമ്മയായിരുന്നു ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബോളിംഗിനെ നയിക്കേണ്ടിയിരുന്നത്. എന്നാൽ മത്സര ദിവസം രാവിലെ എഴുന്നേറ്റ ഇഷാന്തിനെ കഠിനമായ തലവേദന പിടി കൂടി. ഇതോടെ അദ്ദേഹത്തിന് കളിക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. പകരക്കാരായി ഭുവനേശ്വർ കുമാറും, ഉമേഷ് യാദവുമായിരുന്നു കോഹ്ലിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ആദ്യ ടെസ്റ്റിൽ ഭുവിയ്ക്ക് അവസരം കൊടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസത്തിന് മികച്ച പ്രകടനത്തോടെയാണ് ഭുവി നന്ദി പ്രകടിപ്പിച്ചത്. തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട താരം ആദ്യ ഇന്നിംഗ്സിൽ നാലും, രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റാണ് കൈക്കലാക്കിയത്. ഇന്ത്യൻ ബാറ്റ്സ്മാന്മാർ തകർന്നടിഞ്ഞ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 25 റൺസ് നേടിയ ഭുവി, ബാറ്റിംഗിലും മികച്ച് നിന്നു. അത് കൊണ്ടു തന്നെ ആദ്യ മത്സരത്തിൽ പകരക്കാരനായെത്തിയ ഭുവനേശ്വറിന് സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ടീമിലെ സ്ഥാനം ഭദ്രമാണ്.