SHARE

നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും മത്യാസ് ഡി ലിറ്റിന്റേയും യുവന്റസിലേക്കുള്ള വരവ്. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ നടന്ന ഈ മൂന്ന് ട്രാൻസ്ഫറുകൾക്കും സമാനതകളുണ്ട്. ആ സമാനതയാണ് ഇപ്പോൾ ഫുട്ബോൾ ട്രാൻസ്ഫറിലെ പുതിയ ട്രെൻഡ്

നിർണായക പോരാട്ടങ്ങളിൽ തങ്ങളെ തോൽപ്പിച്ച ടീമിലെ മികച്ച താരത്തെ സ്വന്തമാക്കുകയാണ് ഇപ്പോൾ വൻ ക്ലബുകളുടെ ട്രൻഡ്. 2017-ൽ പി.എസ്.ജി നെയ്മറെ സ്വന്തമാക്കിയതാണ് ഇതിന്റെ തുടക്കം. തൊട്ടുമുമ്പത്തെ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ചരിത്രത്തിലെ വൻ അട്ടിമറി നടത്തിയാണ് ബാഴ്സ പി.എസ്.ജിയെ ഞെട്ടിച്ചത്. അന്നത്തെ ബാഴ്സയുടെ വിജയത്തിൽ ഏറ്റവും മിന്നുന്ന പ്രകടനം നടത്തിയത് നെയ്മറായിരുന്നു. ഇതോടെയാണ് മധുരപ്രതികാരം പോലെ ബാഴ്സയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് പി.എസ്.ജി നെയ്മറെ റാഞ്ചിയത്.

അതേവർഷം തന്നെ ഇത്തരത്തിൽ മറ്റൊരു ട്രാൻസ്ഫറും പി.എസ്.ജി നടത്തി. മൊണാക്കോയിൽ നിന്ന് യുവതാരം കെയ്ലിൻ എംബാപെയെയാണ് പി.എസ്.ജി ലോണിൽ കൊണ്ടുവന്നതും പിന്നീട് സ്ഥിരമായി സ്വന്തമാക്കിയതും. തുടർച്ചയായ അഞ്ചാം ലീ​ഗ് കിരീടമെന്ന പി.എസ്.ജി സ്വപ്നം 2016-17 സീസണിൽ തകർത്ത് മൊണാക്കോയായിരുന്നു. അവരുടെ സൂപ്പർ താരമായിരുന്നു എംബാപെ

കഴിഞ്ഞ വർഷം പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് വാങ്ങിയതും ഇത്തരത്തിലാണ്. തൊട്ടുമുമ്പുള്ള ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ യുവന്റസിന്റെ പ്രതീക്ഷകൾ തകർത്തത് റയൽ മഡ്രിഡ് താരമായിരുന്നു റൊണാൾഡോയാണ്. ഇതോടെയാണ് റൊണാൾഡോയെ ടീമിലെക്കാൻ യുവന്റസ് ശ്രമം തുടങ്ങിയത്.

റൊണാൾഡോയെത്തിയിട്ടും ഇക്കുറി യുവന്റസിന് ചാമ്പ്യൻസ് ലീ​ഗ് നേടാനിയല്ല. അതിന് കാരണം ഡച്ച് ക്ലബ് അയാക്സായിരുന്നു. അപ്രതീക്ഷിത കുതിപ്പ് നടത്തിയ അയാക്സ് ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ യുവന്റസിനെ വീഴ്ത്തി. നിർണായക മത്സരത്തിൽ യുവന്റസ് മുന്നേറ്റനിരയെ പൂട്ടുകയും വിജയ​ഗോൾ നേടുകയും ചെയ്തത് അയാക്സ് നായകനായ ഡി ലിറ്റായിരുന്നു. ഇതോടെ ഡി ലിറ്റിനായി യുവന്റസ് രം​ഗത്തെത്തി.

ബാഴ്സലോണ, പി.എസ്.ജി തുടങ്ങിയ സൂപ്പർ ക്ലബുകളുമായി മത്സരിച്ച് യുവന്റസ് ഡി ലിറ്റിനെ സ്വന്തമാക്കി. ഡി ലിറ്റ് കൂടി എത്തിയതോടെ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന മോഹം യുവന്റസിൽ വീണ്ടുമുദിക്കുകയാണ്.