SHARE

ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ്ബാഷ് ക്രിക്കറ്റ് ടി20 ലീഗില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് താരങ്ങള്‍ക്ക് വന്‍തുക പിഴ ചുമത്തിയതിനെതിരെ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്നാരോപിച്ച് പുരുഷലീഗിലെ രണ്ട് താരങ്ങള്‍ക്കെതിരെയും വനിതാ ലീഗിലെ ഒരു താരത്തിനെതിരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിക്കൊരുങ്ങുന്നു. ബ്രാഡ് ഹോഗ് (മെല്‍ബണ്‍ റെനഗേഡ്‌സ്), ക്രിസ് ലിന്‍ ( ബ്രിസ്‌ബേന്‍ ഹീറ്റ്‌സ്), നികോള്‍ ബോള്‍ട്ടണ്‍ (പെര്‍ത്ത് സ്‌കോച്ചേഴ്‌സ് വനിതാ ടീം) തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി വരുന്നത്. ബ്രാഡ് ഹോഗ്ഗിനെതിരെയുള്ള ആരോപണം കളിക്കളത്തില്‍ എതിര്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ പവലിയന് നേരെയോ താരങ്ങള്‍ക്ക് നേരെയോ ആംഗ്യം കാണിച്ചുവെന്നാണ്. താരം കുറ്റം സമ്മതിക്കാത്തതിനാല്‍ മാച്ച് റഫറിയുടെ സാന്നിധ്യത്തില്‍ ഹിയറിംഗ് ഉണ്ടായിരിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിക്കുന്നത്.

ക്രിക്കറ്റ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് ക്രിസ് ലിന്നിനെതിരെയുള്ള ആരോപണം. എന്നാല്‍ താരം തെറ്റ് സമ്മതിച്ചതിനാല്‍ ഹിയറിംഗിന്റെ ആവശ്യമില്ല. അംപയര്‍മാരുടെ തീരുമാനത്തില്‍ അതൃപ്തി കാണിച്ചതാണ് വനിതാ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ താരമായ നിക്കോള്‍ ബോള്‍ട്ടനെതിരെ നടപടിയെടുക്കാന്‍ കാരണമാകുന്നത്. ബോള്‍ട്ടണും തന്റെ തെറ്റ് സമ്മതിച്ചിട്ടുണ്ട്. അംപയര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് മാച്ച് റഫറിമാരാണ് താരങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.