ഏഷ്യാ കപ്പിൽ സർപ്രൈസ് കിരീടമുയർത്തിയതിന് പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ടീമിൽ നിർണായക മാറ്റം. ലങ്കൻ ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഖ്യാത പരിശീലകൻ ടോം മൂഡിയാണ് പുറത്താകുന്നത്. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂഡി ലങ്കൻ ക്രിക്കറ്റ് ടീ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും, അടുത്ത വർഷത്തെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടായിരുന്നു മൂഡിയുടെ നിയമനം. എന്നാലിപ്പോൾ ഏഷ്യാ കപ്പിൽ വിജയിച്ച് ലങ്കൻ ക്രിക്കറ്റ് തലയുർത്തി നിൽക്കവെയാണ് മൂഡി പുറത്താകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അവസാനം മൂഡി സ്ഥാനം ഒഴിയും. മൂഡിയുമായുള്ള മൂന്ന് വർഷത്തെ കരാർ റദ്ദാക്കിയതായി, ലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായി ഏഎഫ്പി റിപ്പോർട്ട് ചെയ്തു.
മൂഡിക്ക് നൽകേണ്ടിവരുന്ന വലിയ പ്രതിഫലം താങ്ങാനാകാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും സൂചനയുണ്ട്. ഒപ്പം തന്നെ കൂടുതൽ സമയം ലങ്കയിൽ ചിലവഴിക്കാൻ കഴിയുന്ന ആളെ ഡയറക്ടർ സ്ഥാനത്തേക്ക് വേണമെന്നാണ് അധികൃതർ ആഗ്രഹിക്കുന്നതെന്നും സൂചയുണ്ട്. യുഎഇ ടി20 ലീഗ് ടീം ഡെസേർട്ട് വൈപ്പേഴ്സിൽ ഡയറക്‌ടർ സ്ഥാനത്തേക്കാണ് ഓസ്ട്രേലിയക്കാരനായ മൂഡിയുടെ അടുത്ത ദൗത്യമെന്നാണ് സൂചന.