SHARE

ഇന്ത്യയുടെ അണ്ടര്‍ 17 താരങ്ങളെ വലിയ കരാര്‍ നല്കി സ്വന്തമാക്കാന്‍ മത്സരിക്കുകയാണ് ഐഎസ്എല്‍ ക്ലബുകള്‍. മൂന്നു വര്‍ഷത്തെ കരാരിന് 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ക്ലബുകള്‍ മുടക്കുന്നത്. ഈ താരങ്ങള്‍ക്ക് കളിക്കാന്‍ വലിയ അവസരം കിട്ടില്ലെങ്കിലും താരങ്ങള്‍ക്കും ക്ലബിനും ലാഭ ബിസിനസാണ് ഇത്.

യുവതാരങ്ങളെ ഭാവിയില്‍ വില്ക്കാനായാല്‍ അതുവഴി വലിയൊരു തുക ക്ലബുകള്‍ക്ക് സ്വന്തമാക്കാനാകും. യുവതാരങ്ങളെ റാഞ്ചാന്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിക്കുന്നതും ഈ താരക്കച്ചവടം തന്നെ. കഴിഞ്ഞ രണ്ടു സീസണുകളിലായി നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ക്ലബുകളും അക്കാദമികളും യുവതാരങ്ങളെ കൈമാറി നേടിയത് ലക്ഷങ്ങളാണ്.

ഇന്ത്യയുടെ അണ്ടര്‍ 17 നായകനായിരുന്ന അമര്‍ജിത്ത് സിംഗിനെ ജെംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത് ഒരു കോടി രൂപയ്ക്കാണ്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. മൂന്നുവര്‍ഷം കഴിയുമ്പോള്‍ മികച്ച വിപണി വിലയില്‍ താരത്തെ വേണമെങ്കില്‍ വില്ക്കാം. മിക്ക അണ്ടര്‍ 17 താരങ്ങളെയും ഐഎസ്എല്‍ ക്ലബുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കെ.പി. രാഹുലും ജെക്‌സണ്‍ സിംഗും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്.