SHARE

ആഴ്സനൽ പരിശീലകസ്ഥാനത്ത് നിന്ന് യുനായ് എമ്റി പുറത്തായി. അതോടെ ആ ചോദ്യം വീണ്ടുമുയരുകയാണ്. ആരാകും ആഴ്സനലിന്റെ രക്ഷകനായി അവതരിക്കുക. ആഴ്സെൻ വെം​ഗർ എന്ന ഇതിഹാസം ഒഴിച്ചിട്ടുപോയ സിംഹാസനം ആഴ്സനലിന് മുന്നിൽ വലിയ ചോദ്യ ചിന്ഹനമായി തുടരുകയാണ്.

ഇതിഹാസതാരവും സഹപരിശീലകനുമായ ഫ്രെഡി ല്യൂങ്ബെ​ഗിന് ഇടക്കാല ചുമതല നൽകിയതോടെ പുതിയ പരിശീലകനെ കണ്ടെത്താൻ ആഴ്സനൽ സമയമെടുത്തുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. ഇതോടെ തന്നെ പല വലിയ പേരുകളും ആഴ്സനൽ പരിശീലകസ്ഥാനത്തേക്ക് പറയപ്പെടുന്നു.

യുവന്റസ് മുൻ പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രി, ടോട്ടനം മുൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ മുന്നിൽ. ഇരുവരുടേയും കഴിവിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല. ഒപ്പം ഇരുവരമിപ്പോൾ ഒരു ക്ലബിലുമില്ലാതെ നിൽക്കുകയാണ്. ഇതിൽ തന്നെ അല്ലെ​ഗ്രിയെ ആഴ്സനൽ ബന്ധപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്.

വോൾവ്സ് പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാന്റോസിന്റെ പേരും ശക്തമായി പ്രചരിക്കപ്പെടുന്നുണ്ട്. വോൾവ്സ് ഇപ്പോൾ മികച്ച ഫോമിലായതിനാലും ക്ലബിൽ സാന്റോസിന് വൻപിന്തുണയുള്ളതിനാലും ആഴ്സനലിലേക്ക് സാന്റോസ് വരനാ​ഗ്രഹിക്കുന്നില്ലെന്നാണ് സൂചന.

മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകനും മുൻ ആഴ്സനൽ താരവുമായ മിക്കൽ അർറ്റേറ്റയുടെ പേരും ചർച്ചകളിലുണ്ട്. നേരത്തെ വെം​ഗർ ക്ലബ് വിട്ടപ്പോഴും അർറ്റേറ്റയുടെ പേര് പരി​ഗണനയിൽ വന്നിരുന്നു.

വിഖ്യാത പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പേരും പരി​ഗണനയിലുണ്ട്. ഇപ്പോൾ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടി ക്ലബ് വിടാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണിത്. റാഫേൽ ബെനിറ്റസ്, മുൻ ആഴ്സനൽ നായകൻ പാട്രിക്ക് വിയേര എന്നവരുടെ പേരുകളും അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്.