SHARE

പല രാജ്യങ്ങളിലും വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ആവശ്യത്തിന് പണമോ അംഗീകാരമോ ലഭിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കാര്യങ്ങള്‍ മാറിവരുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങളിലെ ബോര്‍ഡുകള്‍ വനിതാ ക്രിക്കറ്റിനെയും കാര്യമായി പരിഗണിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വനിതകള്‍ക്ക് പ്രോത്സാഹനം നല്കുന്നതാണ്.

മൊത്തം 79 വനിതാ താരങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് കരാര്‍ നല്കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചുവെന്നതാണ് വാര്‍ത്ത. ന്യൂസിലന്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ബോര്‍ഡും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. പ്രധാന കരാറിലുള്ള താരങ്ങളുടെ എണ്ണം 15 മുതല്‍ 17 വരെയാകും.

ആറു അസോസിയേഷനുകളില്‍ നിന്നും ഒന്‍പതു വീതം താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ ലഭിക്കും. ഇതിനൊപ്പം വളര്‍ന്നുവരുന്ന എട്ടു താരങ്ങള്‍ക്കും കരാര്‍ നല്കി സംരക്ഷിക്കും. ഇതുവഴി കൂടുതല്‍ വനിതാ താരങ്ങളെ ക്രിക്കറ്റിലേക്ക് എത്തിക്കാമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്. വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ താരങ്ങള്‍ക്ക് വിലക്കുണ്ടാകില്ല.