SHARE

ഐഎസ്എല്‍ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. മുന്‍ ക്യാപ്റ്റനും സൂപ്പര്‍താരവുമായ സന്ദേശ് ജിംഗന് ഈ സീസണില്‍ പന്തുതട്ടാന്‍ സാധിച്ചേക്കില്ല. കഴിഞ്ഞദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന പരിശീലന മത്സരത്തിനിടെ പരിക്കേറ്റതാണ് ജിംഗന് തിരിച്ചടിയായത്. ഇന്ത്യന്‍ ദേശീയ ടീമും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.

ജിംഗന്റെ പരിക്ക് ഭേദമാകാന്‍ 7-8 മാസം വേണ്ടിവരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഗുരുതര പരിക്കുകളുടെ സ്വഭാവത്തിലാണ് ജിംഗന്റെ പരിക്കും ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സീസണ്‍ തീരുംമുമ്പ് വിശ്വസ്ത താരത്തിന് തിരിച്ചെത്താനാകുമോയെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നുണ്ട്. ജിംഗന്‍ ഇല്ലാത്തത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ താളംതെറ്റിക്കുമെന്ന ഭയവും ആരാധകര്‍ക്കുണ്ട്.

മുന്‍വര്‍ഷങ്ങളിലെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ കുന്തമുനയായിരുന്നു ജിംഗന്‍. മറ്റെല്ലാ താരങ്ങളും ടീമില്‍ നിന്ന് പോയപ്പോഴും ജിംഗനെ കൈവിടാന്‍ മാനേജ്‌മെന്റും ടീമിനെ വിട്ടുപിരിയാന്‍ ജിംഗനും തയാറായിരുന്നില്ല. അതേസമയം പരിക്കു സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതികരണം നടത്തിയിട്ടില്ല.