SHARE

ഐപിഎല്ലില്‍ ഞായറാഴ്ച്ച വൈകുന്നേരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന് അപ്രതീക്ഷിത തിരിച്ചടി. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കൊപ്പം സൂപ്പര്‍സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഉണ്ടാകില്ല. ഭാര്യയ്ക്കും കുട്ടിക്കും അസുഖം ബാധിച്ചതിനാല്‍ അവര്‍ക്കൊപ്പമാണ് ഹര്‍ഭജന്‍.

പരിശീലനത്തിനിടെ ചെറിയ പരിക്കും പിടികൂടിയതിനാല്‍ കളിക്കാനുണ്ടാകില്ലെന്ന് ഭാജി തന്നെയാണ് വ്യക്തമാക്കിയത്. ഈ സീസണില്‍ തകര്‍പ്പന്‍ ബൗളിംഗ് നടത്തുന്ന ഹര്‍ഭജന്റെ അസാന്നിധ്യം ക്യാപ്റ്റന്‍ ധോണിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ ട്രാക്കില്‍. ന്യൂബോള്‍ കൈകാര്യം ചെയ്യുന്ന ഹര്‍ഭജന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇത്തവണ വലിയ പിശുക്കാണ് കാണിക്കുന്നത്.

കുടുംബത്തില്‍ അസുഖം ബാധിച്ചതിനാല്‍ ടീമിനൊപ്പം താന്‍ കൊല്‍ക്കത്തയ്ക്ക് പോകുന്നില്ലെന്നും മുംബൈയിലാണെന്നും ഹര്‍ഭജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ഏപ്രില്‍ 17ന് ഹൈദരാബാദിനെതിരായ മത്സരത്തിനു മുമ്പ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഭാജി. ഈ ആഴ്ച്ചയോടെ ഫഫ് ഡുപ്ലിസിയും ഇമ്രാന്‍ താഹിറും ടീം വിടും. ലോകകപ്പ് ഒരുക്കത്തിനായാണ് ഇരുവരും മടങ്ങുന്നത്.