SHARE

ബോള്‍ പൊസഷനില്‍ മാത്രമായിരുന്നു ഇരുടീമുകളും തമ്മില്‍ ഒപ്പമുണ്ടായിരുന്നത്. കളിമികവിലും ഗോളടിച്ചു കൂട്ടുന്നതിലും ഐഎസ്എല്ലിലെ കന്നിക്കാര്‍ മുന്നില്‍ നിന്ന മത്സരത്തില്‍ 4-1ന് ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് ബെംഗളൂരു എഫ്‌സിക്ക് രണ്ടാംജയം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍ട്ടലു (23, 45+4), ലെനി റോഡ്രിഗസ് (57), ഫെഡോര്‍ മിക്കു (87) എന്നിവരാണ് ബെംഗളൂരുവിനായി വലകുലുക്കിയത്. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ കാലു ഉച്ചെയുടെ (86) വകയാണ്. ജയത്തോടെ രണ്ടു കളിയില്‍ നിന്ന് 6 പോയിന്റുമായി സുനില്‍ ഛേത്രിയുടെ ടീം ഒന്നാമതെത്തി.

ആദ്യ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു തോല്‍പ്പിച്ചത്. രണ്ടാം മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ഡല്‍ഹി രണ്ട് മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുമായി ആറാം സ്ഥാനത്തായി. ഇരു ടീമുകളും കളിക്കാനിറങ്ങിയത് ആദ്യ മത്സരത്തിലെ അതേ ടീമുമായിട്ടാണ്. തുടക്കത്തില്‍ ബെംഗളൂരുവിന്റെ ആധിപത്യമായിരുന്നു. കളിയുടെ ഒഴുക്കിന് അനുകൂലമായി ബെംഗളൂരു കൃത്യമായ ഇടവേളകളില്‍ ഗോളുകളും നേടി.