SHARE

ജെംഷഡ്പൂര്‍ എഫ്‌സിയുടെ മികച്ച യുവതാരങ്ങളിലൊരാളായ ഗൗരവ് മുഖിയെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കി. പ്രായത്തട്ടിപ്പില്‍ ഉള്‍പ്പെട്ടതോടെയാണ് എഐഎഫ്എഫ് അനിശ്ചിതകാലത്തേക്ക് വിലക്കിയത്. പ്രായത്തട്ടിപ്പില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കഴിയുന്നതു വരെയാകും കളത്തിനു പുറത്തു നില്‌ക്കേണ്ടിവരിക. എന്തായാലും ഈ ഐഎസ്എല്‍ സീസണില്‍ മുഖിക്ക് കളിക്കാന്‍ സാധിച്ചേക്കില്ല.

ബെംഗളൂരു എഫ്‌സി- ജെംഷഡ്പൂര്‍ മത്സരത്തില്‍ ഗോളടിച്ച മുഖിയെ ഐഎസ്എല്ലില്‍ ഗോളടിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന്റെ പ്രായം സംബന്ധിച്ച് സംശയം ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ കളിക്കാരുടെ സ്റ്റാറ്റസ് കമ്മിറ്റി ഇക്കാര്യം അന്വേഷിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരെ ഗോള്‍ നേടിയപ്പോള്‍ ഗൗരവ് മുഖിന് 16 വയസെ ഉള്ളുവെന്നായിരുന്നു വാദം.

2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. അന്ന് ജാര്‍ഖണ്ഡിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്കും താരത്തിന് ഉണ്ടായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങിയിരുന്നു. അന്ന് മുഖിക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.