SHARE

ഇന്ത്യയിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ മൂന്ന് ഓസ്ട്രേലിയൻ താരങ്ങൾ കഴിഞ്ഞ ദിവസം ടൂർണമെന്റ് മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസിന്റെ ആൻഡ്രൂ ടൈ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളായ കെയിൻ റിച്ചാർഡ്സൺ, ആദം സാമ്പ എന്നിവരായിരുന്നു വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ കർശന‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഈ താരങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം.

ഈ മൂന്ന് താരങ്ങൾക്ക് പിന്നാലെ കൂടുതൽ ഓസ്ട്രേലിയൻ താരങ്ങൾ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താൻ ഇക്കുറി ഐപിഎൽ മതിയാക്കി മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ടൂർണമെന്റിൽ തുടരുമെന്നും വ്യക്തമാക്കി മുംബൈ ഇന്ത്യൻസിന്റെ ഓസീസ് സൂപ്പർ താരം നഥാൻ കോൾട്ടർനൈൽ രംഗത്തെത്തി. രാജസ്ഥാൻ താരമായിരുന്ന ആൻഡ്രൂ ടൈ ഐപിഎൽ മതിയാക്കി ഓസ്ട്രേലിയയിലേക്ക് മടങ്ങിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെ കോൾട്ടർനൈൽ വ്യക്തമാക്കി.

താൻ ആദം സാമ്പയുമായി സംസാരിച്ചിരുന്നുവെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് അദ്ദേഹം ശക്തമായ വാദം ഉന്നയിച്ചിരുന്നുവെന്നും വ്യക്തമാക്കിയ കോൾട്ടർനൈൽ, എന്നാൽ ഐപിഎൽ ബബിളിൽ‌ തുടരുന്നതാണ് നിലവിൽ വീട്ടിലെത്താൻ ശ്രമിക്കുന്നതിനേക്കാൾ സുരക്ഷിതമെന്ന് താൻ കരുതുന്നതായും കൂട്ടിച്ചേർത്തു.