SHARE

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് കൂടുമാറിയ കൗമാരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ ജേഴ്സി നമ്പർ റിട്ടയർ ചെയ്യാനുള്ള ഇം​ഗ്ലീഷ് ക്ലബ് ബിർമിങ്ങാം സിറ്റിയുടെ തീരുമാനം വിവാദത്തിൽ. തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ക്ലബിന്റെ തന്നെ ആരാധകർ രം​ഗത്തിയിരിക്കുകയാണിപ്പോൾ.

17 വയസ് മാത്രം പ്രായമുള്ള ജൂഡ്, ബിർമിങ്ങാമിന്റെ അക്കാദമയിൽ വളർന്ന താരമാണ്. ഈ സീസണിൽ മാത്രമാണ് ഈ മിഡ്ഫീൽഡർ സീനിയർ ടീമിൽ അരങ്ങേറിയത്. ക്ലബിനായി നടത്തിയ മിന്നുന്ന പ്രകടനത്തോടെ സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചാൻ എത്തിയിരുന്നു. എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഡോർട്ട്മുണ്ട് 25 ദശലക്ഷം യൂറോ മുടക്കി ജൂഡിനെ സ്വന്തമാക്കി.

ഈ ട്രാൻസ്ഫർ സ്ഥീരീകരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ 22-ാം നമ്പർ ജേഴ്സി ഇനിയാർക്കും കൈമാറില്ല എന്ന് ക്ലബ് അറിയിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ആരാധകർ തുറന്നടിച്ചു.

സീനിയർ ടീമിനായി 50 മത്സരങ്ങൾ പോലും തികച്ചിട്ടില്ലാത്ത താരത്തിന്റെ ജേഴ്സി റിട്ടയർ ചെയ്യുന്നത് നാണം കെട്ട കാര്യമാണെന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ലിവർപൂൾ സ്റ്റീവൻ ജെറാർഡിന്റേയും ചെൽസി ജോൺ ടെറിയുടേയും യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയുമൊന്നും ജേഴ്സി നമ്പർ റിട്ടയർ ചെയ്തിട്ടില്ലെന്ന് ബിർമിങ്ങാമിനെ ഓർമിപ്പിക്കുകയാണ് മറ്റൊരാൾ.