SHARE

ഇന്ത്യന്‍ എ ടീം നായക സ്ഥാനത്തു നിന്നും ശുഭ്മാന്‍ ഗില്ലിനെ മാറ്റണമെന്ന് ആവശ്യം. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലെ സംഭവ വികാസങ്ങളാണ് ഗില്ലിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തു വരാന്‍ കാരണം. പ്രസ്തുത മത്സരത്തില്‍ അംപയര്‍ ഔട്ട് വിളിച്ചിട്ടും അംപയറോട് കലഹിച്ച് തീരുമാനം പിന്‍വലിപ്പിച്ച് ഗില്‍ ക്രീസില്‍ തുടരുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഡല്‍ഹി താരങ്ങള്‍ കളിയവസാനിപ്പിച്ച് പോകാനൊരുങ്ങിയ സാഹചര്യം വരെയുണ്ടായി. മുന്‍ താരം ബിഷന്‍ സിംഗ് ബേദിയാണ് ഇപ്പോള്‍ ഗില്ലിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ക്രിക്കറ്റില്‍ ഇത്തരം ചട്ടമ്പിത്തരങ്ങള്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്നും ആരും ക്രിക്കറ്റിനെക്കാള്‍ വലുതല്ലെന്നും ഇന്ത്യ എ ടീം നായക സ്ഥാനത്തു നിന്നെ ഗില്ലിനെ മാറ്റണമെന്നും ബേദി ആവശ്യപ്പെട്ടു.

കുറച്ചുകൂടി പക്വതയുള്ള ഒരാള്‍ ആ സ്ഥാനത്തു വന്നില്ലെങ്കില്‍ മാച്ച് റഫറിക്ക് ഇടയ്ക്കിടെ മത്സരത്തില്‍ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യ എ ടീമിന്റെ നായകനാണ് ഗില്‍.