SHARE

കഴിഞ്ഞ സീസണിൽ ഒരുപിടി വമ്പൻ സൈനിങ്ങുകളാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ​ഇം​ഗ്ലീഷ് താരം ​ഗാരി ഹൂപ്പർ മുതൽ ഇന്ത്യൻ താരം നിഷു കുമാർ വരെ ഇത്തരം വൻ സൈനിങ്ങായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ ഇവർക്ക് സാധിച്ചില്ല. ഇത് ടീമിനേയും ബാധിച്ചു.

ഇപ്പോൾ ഐ.എസ്.എൽ എട്ടാം സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇക്കുറി പേരും മുമ്പ് കളിച്ച ടീമുകളും മാത്രം നോക്കി വിദേശതാരങ്ങളെ സൈൻ ചെയ്യില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ഐ.എസ്.എൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് ഇങ്ങനെയൊരു സൂചന നൽകിയത്.

ടീമിന്റെ ശൈലിക്ക് ഇണങ്ങുന്ന, മികച്ച നിലവാരം പുലർത്തുന്ന കളിക്കാരെയാണ് ഇക്കുറി സൈൻ ചെയ്യുക എന്നാണ് സ്കിൻകിസ് പറഞ്ഞത്. ക്ലബിന്റെ ബഡ്ജറ്റ് കൂടി പരി​ഗണിച്ചാകും സൈനിങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പരിശീലകൻ എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യവും സ്കിൻകിസ് നേരിട്ടു. ക്ലബിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാണ്, എന്നാൽ ആരുടേയും പേരുകൾ വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നാണ് ഇതിന് സ്കിൻകിസ് പറഞ്ഞ മറുപടി.