SHARE

കോതമം​ഗലം മാർ അത്താനേഷ്യസ് ഫുട്ബോൾ അക്കാദമിക്കെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കൊച്ചിയിലെ പനമ്പള്ളി ന​ഗർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വലജയം. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പ്രീ സീസൺ പോരാട്ടങ്ങൾ അവാസനിച്ചു. അടുത്ത ദിവസം ടീം ​ഗോവയിലേക്ക് തിരിക്കും.

മലയാളി താരം കെപി രാഹുലിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് കളത്തിലറങ്ങിയത്. ആദ്യ മിനിറ്റ് മുതൽ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നയം. വിൻസി ബാരെറ്റോയും രാഹുലം ചേർന്ന് വലതുവിങ്ങിലൂടെയാണ് ആക്രമണങ്ങൾ നയിച്ചത്. മത്സരത്തിന്റെ 16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. അഡ്രിയാൻ ലൂണയെടുത്ത കോർണർകിക്കിന് ഉയർന്നുചാടി തലവച്ച് ജോർജ് പെരേയ്ര ഡയസ് വലകുലുക്കി.

ആദ്യ ​ഗോൾ നേടിയശേഷം ലീഡുയർത്താനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ലൂണയും ഡയസും രാഹുലും പകരക്കാരനായി ഇറങ്ങിയ വിഎസ് ശ്രീക്കുട്ടനും ചേർന്ന് പലതവണ അത്താനേഷ്യസ് ബോക്സിലേക്ക് കുതിച്ചെത്തി. രാഹുലിന്റേയും ഡയസിന്റേയും ഓരോ ഷോട്ടുകൾ തടുത്ത് അത്താനേഷ്യസിന്റെ ​ഗോളി കെവിൻ കോശി മികച്ചുനിന്നു.

കഴിഞ്ഞ മത്സരത്തിലെ ​ഗോൾസ്കോറർമാരായ അൽവാരോ വാസ്ക്വസ്, ചെൻചോ ജ്യെൽഷൻ തുടങ്ങിയവരാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയത്. ലീഡുയർത്തുക ലക്ഷ്യമിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളോരോന്നും. ഇടയ്ക്ക് ചില കൗണ്ടർ അറ്റാക്കുകളിലൂടെ അത്താനേഷ്യസ് താരങ്ങൾ ബ്ലാസ്റ്റേഴ്സ് ​ഗോൾമുഖത്തേക്കെത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഇതിനിടെ 69-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. ഇക്കുറിയും കോർണർ കിക്കാണ് ​ഗോളിന് വഴിയൊരുക്കിയത്. ആയുഷ് അധികാരി എടുത്ത കിക്കിന് തലവച്ചത് മാർക്കോ ലെസ്കോവിച്ച്. നാല് മിനിറ്റിന് ശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്നാക്കി. ഇക്കുറി അൽവാരോ വാസ്ക്വസാണ് വലകുലുക്കിയത്. ആയുഷ് നൽകിയ കിടിലൻ പാസിൽ നിന്ന് ചെൻചോയാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്.

മൂന്നാം ​ഗോളോടെ വിജയമുറപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് തുടർന്നും ആക്രമണമാണ് ലക്ഷ്യം വച്ചത്. പ്രശാന്തിന്റെ ഒരു കിടിലൻ വോളിയും ചെൻചോയുടെ തകർപ്പൻ ബൈസിക്കൾ കിക്കും അത്താനേഷ്യസ് ​ഗോളി തടുത്തു. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ചെൻചോ ഒരു ലോങ് ഷോട്ടുതിർത്തെങ്കിലും അത് ലക്ഷ്യം കണ്ടില്ല.