SHARE

അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മത്സരങ്ങളിൽ വിജയങ്ങളില്ലാതെ വലയുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നിലവിൽ 11 മത്സരങ്ങളിൽ 9 പോയിന്റോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. എന്നാൽ ഈ സീസണിൽ ഇനിയുംടീമിന് പ്ലേ ഓഫ് സാധ്യതകൾ ഉണ്ടെന്നാണ് പരിശീലകൻ ഡേവിഡ് ജെയിംസ് പറയുന്നത്.

മുംബൈ സിറ്റി എഫ് സിക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു ജെയിംസ്, ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെക്കുറിച്ച് മനസ് തുറന്നത്. ജെയിംസിന്റെ വാക്കുകൾ ഇങ്ങനെ, ” വിജയിക്കാതെയിരിക്കുന്നത് ടീമുകൾക്കെല്ലാം ബുദ്ധിമുട്ടുള്ള കാര്യമാണ്. പത്ത് മത്സരങ്ങൾ വിജയങ്ങളില്ലാതെ തുടരേണ്ട ടീമല്ല നമ്മളുടേത്‌. അതിന്റെ സമ്മർദ്ദമുണ്ട്.

എന്നാൽ കണക്കുകൾവെച്ച് നോക്കുമ്പോൾ തങ്ങൾക്ക് പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതകളുണ്ട്. ഞങ്ങൾക്ക് അതിൽ വിശ്വാസവും. ആദ്യ നാല് സ്ഥാനക്കാരിലൊരാളാകാൻ തങ്ങൾക്ക് കഴിയുമെന്നാണ് വിശ്വാസം. ഇനിയെല്ലാ മത്സരങ്ങളും ജയിച്ചേ തീരൂവെന്ന അധിക സമ്മർദ്ദം ഇപ്പോൾ തങ്ങൾക്കുണ്ട്. ഇനി മത്സരങ്ങൾ സമനിലയിലാക്കാൻ പറ്റില്ല.” ജെയിംസ് പറഞ്ഞുനിർത്തി.