SHARE
വിരേൻ ഡിസിൽവ(ഇടത്ത്)

കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ് സി.ഇ.ഓ വിരേൻ ഡി സിൽവ ക്ലബ് വിട്ടതായി റിപ്പോർട്ടുകൾ. ക്ലബ് നേതൃത്ത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് വിരേൻ രാജിവച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് മുൻ നായകൻ സന്ദേശ് ജിം​ഗൻ ആറ് സീസണുകൾക്കൊടുവിൽ ക്ലബി വിടുന്നതായി വാർത്തകൾ വന്നത്.

റിപ്പോർട്ടുകൾ പ്രകാരം ക്ലബിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളിൽ വിരേൻ തൃപ്തനായിരുന്നില്ല. ക്ലബിനുള്ളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ക്ലബുമായി ബന്ധമില്ലാത്ത പലരും സ്വാധീനം ചെലുത്തുന്നതായി വിരേന് തോന്നിയിരുന്നെന്നും, ഇതിൽ വിരാന് എതിർപ്പുണ്ടായിരുന്നെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിരേന്റെ രാജി ക്ലബ് സ്വീകരിച്ചെന്നും ഇവർ പറയുന്നുണ്ട്.

അതേസമയം ക്ലബിൽ വൻ മാറ്റങ്ങൾ വരാനിരിക്കുന്നതിന്റെ സൂചനയായും വിരാന്റെ രാജിയെ വ്യാഖ്യാനിക്കുന്നുണ്ട്. ലിത്വാനിയക്കരാനായ കരോളിസ് സ്കിൻകിസിനെ അടുത്തിടെ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചിരുന്നു. പിന്നാലെ എൽക്കോ ഷട്ടോരിയെ നീക്കി പകരം കിബു വിക്കുനയെ പരിശീലകനായി എത്തിക്കുകയും ചെയ്തിരുന്നു.