SHARE

ഐ.എസ്.എൽ ഏഴാം സീസണിലേക്കുള്ള വിദേശാതാരങ്ങളുടെ സൈനിങ് പൂർത്തിയാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ഓസ്ട്രേലിയൻ മുന്നേറ്റതാരം ജോർ​ദാൻ മുറയെയാണ് ബ്ലാസ്റ്റേഴ്സ് ഒടുവിൽ ടീമിലെത്തിച്ചത്. ഇക്കാര്യംത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവും വന്നു.

25-കാരനായ മുറെ ഓസ്ട്രേലയിൻ ക്ലബ് സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായാണ് ഏറ്റവുമടുവിൽ കളിച്ചത്. ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന ഏഷ്യൻ ക്വോട്ട താരമാകും മുറെ. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ ക്വോട്ടയും അവസാനിച്ചു. അർജന്റീനയിൽ നിന്നള്ള ഫാക്കുൻഡോ പെരേര, സ്പാനിഷ് താരങ്ങളായ സിഡോ, വിസെന്റെ ​ഗോമസ്, ഇം​ഗ്ലീഷ് താരം ​ഗാരി ഹൂപ്പർ, സിംബാവെയിൽ നിന്നുള്ള പ്രതിരോധതാരം കോസ്റ്റ നമോയ്നേസു, ബുർക്കിനാ ഫാസോയുടെ സെന്റർ ബാക്ക് ബക്കാരി കോൺ എന്നിവരാണ് മുറെയ്ക്ക് പുറമെ ബ്ലാസ്റ്റേഴ്സിലുള്ള വിദേശതാരങ്ങൾ.

കഴി‍ഞ്ഞ സീസണിൽ കളിച്ചിരുന്ന വിദേശികളിൽ സിഡോയെ മാത്രമെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിട്ടുള്ളു. നല്ല പരിചയസമ്പത്തുള്ള വിദേശതാരനിരയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിനുള്ളത്. കോസ്റ്റ, ​ഗോമസ്, കോൺ തുടങ്ങിയവരൊക്കെ യൂറോപ്പിലെ മികച്ച ക്ലബുകളിൽ ​ദീർഘനാൾ പന്ത് തട്ടിയ പരിചയവുമായാണ് വരുന്നത്.

വിദേശതാരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കിയതോടെ ഇനി സീസണിനായുള്ള ഒരുക്കങ്ങളിലാണ് ടീമുകൾ. നവംബർ 20-നാണ് ഐ.എസ്.എൽ കിക്കോഫ് ചെയ്യുന്നത്. മുൻവർഷങ്ങളിലെ പതിവ് തുടർന്നാൽ ഇക്കുറിയും കേരളാ ബ്ലാസ്റ്റേഴ്സ്-എ.ടി.കെ പോരാട്ടം തന്നെയാക്കും ഇക്കുറിയും ആദ്യ പോരാട്ടം. ഇതോടെ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്.