SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ ​ലീ​ഗ് ഘട്ടം അവസാനിക്കുന്നതോടെ പ്ലേ ഓഫ് കടക്കാത്ത ടീമുകൾ അടുത്ത സീസണിനായി ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് സൂചന. പതിവുപോലെ കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്സിലെ ഒട്ടുമിക്ക ഇന്ത്യൻ യുവതാരങ്ങളും ദീർഘകാല കരാർ ഒപ്പുവച്ചവരാണ്. അതിനാൽ തന്നെ ഇന്ത്യൻ താരങ്ങളുടെ നിരയിലേക്ക് കൂട്ടിച്ചേർക്കലുകൾക്കാണ് സാധ്യത ഏറെ. എന്നാൽ വിദേശതാരങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. ഗാരി ഹൂപ്പർ, ജോർദാൻ മറെ, ഫാക്കുൻഡെ പെരേയ്ര, വിസെന്റെ ​ഗോമസ്, ജുവാൻഡെ, കോസ്റ്റ നമോയ്നേസു, ബെക്കാരി കോനെ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലുള്ള വിദേശതാരങ്ങൾ. ഇതിൽ എത്ര പേർ അടുത്ത സീസണിൽ ഉണ്ടാകുമെന്ന ചർച്ചകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

ഹൂപ്പർ, മറെ, പെരേയ്ര എന്നിവരെ നിലനിർത്തണമെന്ന ആവശ്യം ഇതിനകം ആരാധകരിൽ നിന്നുയർന്നുകഴിഞ്ഞു. സീസണിൽ നിരാശപ്പെടുത്തിയ കോസ്റ്റ, കോനെ, ജുവാൻഡെ എന്നിവരെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. വിസെന്റെ ​ഗോമസിന്റെ കഠിനാധ്വാനത്തിൽ ആരാധകർ തൃപ്തരാണെങ്കിലും താരത്തിന് വേ​ഗതയില്ല എന്ന പരാതിയുയരുന്നുണ്ട്.

അടുത്ത സീസൺ മുതൽ കളിക്കളത്തിൽ നാല് വിദേശതാരങ്ങളെയെ ടീമുൾക്ക് ഇറക്കാനാകു. അതിൽ ഒരാൾ ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നാകണം. ആകെ സ്ക്വാഡിലുൾപ്പെടുത്താവുന്ന വിദേശികളുടെ എണ്ണം ആറാക്കി ചരുക്കും. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് ജോർദാൻ മറയെ നിലനിർത്താനാണ് സാധ്യതയേറെ. മികച്ച പ്രകടനത്തിനൊപ്പം ചെറുപ്പമാണെന്നതും മറെയ്ക്ക് അനുകൂല ഘടകമാണ്. ഇതിനൊപ്പം ഏഷ്യൻ താരം നിർബന്ധമാക്കുമെന്ന സാഹചര്യം മുന്നേ കണ്ടാണ് മറെയെ ടീമിനൊപ്പം ചേർത്തതെന്നും സൂചനയുണ്ട്.

ബ്ലാസ്റ്റേഴ്സിനായി സീസണിലേറ്റവും മികച്ച പ്രകടനം നടത്തിയ പെരേയ്രയും ക്ലബിനൊപ്പം തുടർന്നേക്കും. പരേയ്ര വന്നശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണനിരയിലുണ്ടായ മാറ്റം അത്രയേറെ ശ്രദ്ധേക്കപ്പെട്ടു. ഹൂപ്പർ, ​ഗോമസ് എന്നിവരെ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനം ആകുന്നതേയുള്ളു. ​ഗോമസിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി വേണമെങ്കിൽ പുതുക്കാം എന്ന തരത്തിലുള്ളതാണെന്നാണ് സൂചന.

കോസ്റ്റ, കോനെ, ജുവാൻഡെ എന്നിവർ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അടുത്ത സീസണിലേക്ക് രണ്ട‌് വിദേശ സെന്റർ ബാക്കുകളെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാനുള്ള സാധ്യതയും കുറവാണ്. ഒരു വിദേശ സെന്റർ ബാക്കിനെ മാത്രമുപയോ​ഗിച്ച് ഹൈദരാബാദ് എഫ്.സി, എ.ടി.കെ മോഹൻ ബ​ഗാൻ തുടങ്ങിയ ടീമുകൾ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സും കൂടുതൽ ഇന്ത്യൻ സെന്റർ ബാക്കുകളെ ടീമിലെത്താക്കാൻ ശ്രമിച്ചേക്കും.