SHARE

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധക സംഘമെന്ന് എഫ് പൂനെ സിറ്റിയുടെ ബ്രസീലിയന്‍ മുന്നേറ്റതാരം മാഴ്‌സെലീഞ്ഞോ. ഇന്ന് രാത്രി 8 മണിക്ക് ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഴ്‌സെലീഞ്ഞോ.

“കേരളത്തിനെതിരെയുള്ള മത്സരങ്ങളെല്ലാം കരുത്തരുമായുള്ള പോരാട്ടമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതിന് കാരണം അവരുടെ കടുത്ത ആരാധകസംഘമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കുന്നത് ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ആരാധകകൂട്ടം അവരാണ്,” – മുന്‍ ഡെല്‍ഹി ഡൈനാമോസ് താരം കൂടിയായ മാഴ്‌സെലീഞ്ഞോ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആരാധകരുടെ സന്ദേശങ്ങള്‍ ഇപ്പോഴും ധാരാളമായി തനിക്ക് ലഭിക്കാറുണ്ടെന്നും മാഴ്‌സലീഞ്ഞോ പറഞ്ഞു.

സീസണ് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സ് സമീപിച്ചിരുന്നെന്നും, എന്നാല്‍ അപ്പോഴേക്കും പൂനെയുമായി കരാറിലെത്തിയിരുന്നെന്നും മാഴ്‌സെലീഞ്ഞോ വെളിപ്പെടുത്തി. ഒരു ദിവസം കേരളത്തിനായി കളിക്കാന്‍ അവസരം കിട്ടിയാല്‍ അത് വളരെയേറെ പ്രത്യേകതയുള്ള അനുഭവമായിരിക്കുമെന്നും മാഴ്‌സെലീഞ്ഞോ പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ കാലം കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, സ്വന്തം നാട് പോലെ തന്നെയാണ് ഇന്ത്യ തനിക്കനുഭവപ്പെടുന്നതെന്നും, കഴിഞ്ഞ ഐ.എസ്.എല്‍ ടോപ് സ്‌കോററായ മാഴ്‌സെലീഞ്ഞോ കൂട്ടിച്ചേര്‍ത്തു.