SHARE

പുതുവര്‍ഷ തലേന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്‌സി മത്സരത്തില്‍ ഒരുകൂട്ടം കാണികള്‍ അക്രമാസക്തമായിരുന്നു. കുപ്പികളും കസേരയും മൈതാനത്തേക്ക് വലിച്ചെറിഞ്ഞാണ് ഇവര്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റതിന്റെ ദേഷ്യം തീര്‍ത്തത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി സംഘാടകര്‍ക്ക് ഉണ്ടായത്. അടുത്ത മത്സരങ്ങളിലും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഗാലറിയില്‍ വലയിടാനാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയും സംഘാടകരും തീരുമാനിച്ചിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ എല്ലാം ഐഎസ്എല്‍ മത്സരങ്ങളില്‍ കാണികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ച് വല സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പ് വന്നപ്പോള്‍ വല എടുത്തുമാറ്റി. ഇത് പുനസ്ഥാപിക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടീമിന്റെ പ്രകടനം മോശമാകുന്നതില്‍ ആരാധകര്‍ അസ്വസ്ഥരാകുന്നത് പലപ്പോഴും മാനേജ്‌മെന്റിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്നത്. ബെംഗളൂരു മത്സരത്തിനിടെ നൂറിലധികം കസേരകളും നശിപ്പിക്കപ്പെട്ടിരുന്നു.

പൂനെ സിറ്റിക്കെതിരേ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വല വീണ്ടും എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം പരിക്കേറ്റ സി.കെ. വിനീത് ഈ മത്സരത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.