SHARE

പ്രീസീസണിലെ ആദ്യ മത്സരത്തിലെ തോല്‍വി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്രകളെ ഏതുതരത്തില്‍ ബാധിക്കും. ഫുട്‌ബോളിനെ ശരിയായി നിരീക്ഷിക്കുന്ന ഏതൊരാളും മെല്‍ബണ്‍ സിറ്റിക്കെതിരായ മത്സരത്തെ പോസിറ്റീവായേ സമീപിക്കൂ. കാരണം, ഈ തോല്‍വികളില്‍ നിന്ന് ഇനിയുള്ള മത്സരങ്ങളില്‍ നടത്തേണ്ട മാറ്റങ്ങളെപ്പറ്റിയും കോച്ച് ഡേവിഡ് ജെയിംസിന് ശരിയായ ധാരണ ലഭിക്കും.

ലോകത്ത് ബാഴ്‌സലോണയും റയലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തുടങ്ങി ക്ലബുകളെല്ലാം ഫലസൂചികയിലെ കണക്കുകള്‍ അളക്കാനല്ല പ്രീസീസണ്‍ കളിക്കുന്നത്. തങ്ങളുടെ കളിക്കാര്‍ക്ക് വലിയ ടൂര്‍ണമെന്റിനു മുമ്പ് ആവശ്യത്തിന് ഒരുങ്ങാനുള്ള അവസരം നല്കുക, റിസര്‍വ് താരങ്ങളുടെ കഴിവ് പരിശോധിക്കുക, ശരിയായ ടീം ലൈനപ്പ് തെരഞ്ഞെടുക്കാന്‍ ടീം മാനേജ്‌മെന്റിന് സഹായം നല്കുക തുടങ്ങി ഒരുപിടി കാര്യങ്ങള്‍ പ്രീസീസണ്‍ കൊണ്ട് സാധിക്കും.

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് എതിരാളികളും ലോകോത്തര നിലവാരമുള്ള ടീമാണ്. തങ്ങളേക്കാള്‍ ശക്തരോട് കളിക്കുമ്പോള്‍ മാത്രമാണ് കളിക്കാരുടെ ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. വലിയ ടീമുകളോട് കളിച്ച് തോറ്റാലും വരുന്ന സീസണില്‍ അത് കൂടുതല്‍ ഗുണം ചെയ്യും. ഓര്‍ക്കുക ഐഎസ്എല്ലില്‍ മെല്‍ബണ്‍ സിറ്റിയോ ജിറോണയോ കളിക്കുന്നില്ല. തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ലെന്ന് പറയുംപോലെ ഈ തോല്‍വി നാളെകളില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഗുണം ചെയ്യും.