SHARE

കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് അഹമ്മദാബാദിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലന ക്യാമ്പ് സന്ദർശിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിചയപ്പെട്ട് അവർക്ക് അടുത്ത സീസണിലേക്ക് ആശംസകളും നേർന്നാണ് റാത്തോഡ് അന്ന് മടങ്ങിയത്. ഇതിനിടയിൽ മറ്റൊരു കാര്യം കൂടി അന്ന് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നടന്നിരുന്നു.

മറ്റൊന്നുമല്ല കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിന്റെ ഫുട്ബോൾ ചലഞ്ച് സ്വീകരിച്ച് അതിൽ വിജയം നേടിയാണ് റാത്തോഡ് അന്ന് ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

ഗോൾ വലയിൽ കൃത്യമായി പന്തെത്തിക്കാനുള്ള ഡേവിഡ് ജെയിംസിന്റെ ഫുട്ബോൾ ചലഞ്ച് യാതൊരു മടിയും കൂടാതെ സ്വീകരിച്ച റാത്തോഡ് വലയിൽ കൃത്യമായി പന്തെത്തിച്ച് അതിൽ വിജയിക്കുകയായിരുന്നു. അതേ സമയം റാത്തോഡിനൊപ്പം ഗോളടിക്കാൻ ശ്രമിച്ച ഡേവിഡ് ജെയിംസ് പന്ത് പുറത്തേക്കടിച്ച് കളയുകയും ചെയ്തു.

റാത്തോഡിന്റെ ഫുട്ബോൾ ചലഞ്ച് വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം ആരാധകരെയും രസകരമായ തങ്ങളുടെ ഗോൾ വീഡിയോകൾപോസ്റ്റ് ചെയ്യാൻ കേരളാ ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചിട്ടുണ്ട്. #blastersgoalchallenge എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ നിന്ന് രസകരമായ ഗോൾ വീഡിയോകൾ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ റിട്വീറ്റ് ചെയ്യും.