SHARE

രണ്ടാമത് സൂപ്പർ കപ്പിന് ഇന്ന് നടക്കുന്ന യോഗ്യതാ മത്സരങ്ങളോടെ തുടക്കമാവുകയാണ്. ആദ്യ ദിനമായ ഇന്നത്തെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ആരോസും തമ്മിൽ ഏറ്റുമുട്ടും. ഐ എസ് എല്ലിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിലെ മികച്ച പ്രകടനത്തോടെ അത് മറികടക്കാ‌‌നുള്ള ഒരുക്കത്തിലാണ്.

സൂപ്പർ കപ്പിൽ കളിക്കാനായി 6 വിദേശ താരങ്ങളെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിലുണ്ടായിരുന്ന മധ്യനിര താരം കറേജ് പെക്കൂസൺ ഇത്തവണ സൂപ്പർ കപ്പിൽ കളിക്കുന്നില്ല. നെമാഞ്ച ലാകിച്ച് പെസിച്ച്, സിറിൾ കാലി, നിക്കോളസ് ക്രച്ച്മറേവിച്ച്, സ്ലാവിസ സ്റ്റൊയനോവിച്ച്, മറ്റേജ് പോപ്ലാറ്റ്നിക്ക്, കെസിറോൺ കിസിറ്റോ എന്നിവരാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്ത വിദേശ താരങ്ങൾ.

സൂപ്പർ കപ്പിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് സംഘത്തിലെ ഏറ്റവും ശ്രദ്ധേയ കാര്യം യുവ ഗോൾകീപ്പർ ആയുഷ് ദാസിന്റെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിന്റെ ഗോൾകീപ്പറായിരുന്ന ആയുഷ് ദാസിനെ മൂന്നാം നമ്പർ ഗോൾകീപ്പറായാണ് സൂപ്പർ കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിന്റെ ഭാഗവുമായിരുന്നു ആയുഷ് ദാസ്.