SHARE

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചതിന് പിന്നിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സി.കെ വിനീത് എന്ന കണ്ണൂരുകാരൻ. സീസണിന്റെ പാതിവഴിയിൽ ടീമിനൊപ്പം ചേർന്ന വിനീത് എത്തിയതിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾ പുറത്ത് വന്നത്. അന്നത്തെ മിന്നും പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വിനീതിനെ ആരാധകരുടെ താല്പര്യ പ്രകാരം  ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ നിലനിർത്തിയിരുന്നു. എന്നാൽ നടപ്പ് സീസണിൽ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. നാല് ഗോളുകൾ അടിച്ചെങ്കിൽപ്പോലും അത്ര മികച്ച കളിയായിരുന്നില്ല വിനീത് പുറത്തെടുത്തത്.

എന്നാൽ ഇത് ഒരൊറ്റ സീസണിലെ മോശം ഫോമായി കണ്ടാൽ മാത്രം മതിയെന്നും അടുത്ത സീസണിൽ വിനീത് ഫോമിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിരിക്കുന്നത്. വിനീതും, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരസ്പര ധാരണയിൽ പിരിയാൻ തീരുമാനിച്ചെന്നും, അടുത്ത സീസണിൽ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബുകളിൽ കളിക്കാനാണ് സാധ്യതയെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

-Advertisement-

ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഡ്രാഫ്റ്റിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളാണ് വിനീത്. (മറ്റൊന്ന് ജിങ്കൻ). സീസണിൽ ഒരു കോടി രൂപ പ്രതിഫലമാണ് ബ്ലാസ്റ്റേഴ്സ് വിനീതിന് നൽകുന്നത്‌. കരാർ കാലാവധിയിൽ ഒരു വർഷം കൂടി ബാക്കി നിൽക്കെയാണ് വിനീത് ടീം വിടുന്നു എന്ന വാർത്തകൾ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇത് വരെ പക്ഷേ വന്നിട്ടില്ല.