SHARE

പ്രതിരോധ ഫുട്ബോളിന്റെ ആശാനാണ് സ്റ്റീവ് കോപ്പലെന്ന ഇംഗ്ലീഷുകാരൻ. കഴിഞ്ഞ വർഷം കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പവും, ഇത്തവണ ജംഷദ്പൂരിനൊപ്പവും പ്രതിരോധത്തിന് മുൻ തൂക്കം കൊടുത്ത് കൊണ്ടുള്ള കളിയാണ് കോപ്പലാശാൻ അവലംബിക്കുന്നത്. ജംഷദ്പൂർ ടീമിന്റെ സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധിച്ചാൽ അത് കൃത്യമായി മനസിലാക്കാൻ കഴിയും. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന ടീം ഇതേ വരെ വഴങ്ങിയിരിക്കുന്നത് 6 ഗോളുകൾ മാത്രം. ഈ ഐ എസ് എല്ലിൽ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയിട്ടുള്ള ടീമും ജംഷദ്പൂർ തന്നെയാണ്.

നിലവിൽ 9 മത്സരങ്ങളിൽ 10 പോയിന്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിലും പരാജയപ്പെട്ട മത്സരങ്ങളിൽ പോലും അധികം ഗോളുകൾ അവർ വഴങ്ങിയിട്ടില്ല. ആന്ദ്രെ ബിക്കേയേയും തിരിയേയും, സൗവിക് ഘോഷിനെയും പോലുള്ള പ്രതിരോധ താരങ്ങളും സുബ്രതാ പോൾ എന്ന ഗോൾ കീപ്പറും മികച്ച ഫോമിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്. എന്നിട്ടും അവർക്ക് മത്സരങ്ങളിൽ ജയിക്കാൻ സാധിക്കാത്തത് മുൻ നിരയ്ക്ക് തിളങ്ങാൻ കഴിയാതെ പോകുന്നത് കൊണ്ട് മാത്രമാണ്. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച ആദ്യ 10 പേരിൽ ഒരൊറ്റ ജംഷദ്പൂർ കളികാരൻ പോലുമില്ല

ഗോളുകൾ അടിക്കുന്നില്ലെങ്കിലും അടിപ്പിക്കുന്നുമില്ല കോപ്പലാശാന്റെ കുട്ടികൾ. ഒരുമിച്ച് പ്രതിരോധിക്കുന്ന ടീം പക്ഷേ ആക്രമണത്തിലേക്ക് വരുമ്പോൾ ചിതറിപ്പോവുന്നു. ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡിൽ മുന്നിട്ട് നിൽക്കുന്നത് ജംഷദ്പൂർ ഗോൾകീപ്പർ സുബ്രതോ പോളാണ്. 9 മത്സരങ്ങളിൽ 5 ക്ലീൻ ഷീറ്റുകൾ കൈ മുതലായുള്ള ഇന്ത്യൻ സ്പൈഡർമാൻ 23 സേവുകളാണ് നടത്തിയിട്ടുള്ളത്.

ജംഷദ്പൂരിന്റെ കടുകട്ടി പ്രതിരോധ നിരയെ മറികടന്ന് ചെന്നാൽ തന്നെ സുബ്രതോ പോൾ എന്ന മഹാമേരുവിനെ കൂടി കേരളാ താരങ്ങൾക്ക് കീഴടക്കേണ്ടതായി വരും. കഠിനമായ ഈ രണ്ട് കടമ്പകൾ മറികടന്ന് ജംഷദ്പൂരിൽ വല കുലുക്കണമെങ്കിൽ കേരളത്തിന് തങ്ങളുടെ ഏറ്റവും മികച്ച ആക്രമണം തന്നെ ഇന്ന് പുറത്തെടുക്കേണ്ടി വരും. ഇക്കാര്യം മറ്റാരേക്കാളും നന്നായി കേരളാ പരിശീലകൻ ഡേവിഡ് ജെയിംസിനറിയാം. അത് കൊണ്ടു തന്നെ മുൻ മത്സരങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായി ആക്രമണത്തിന്‌കൂടുതൽ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള കളിയാകും ജെയിംസ് ഇന്ന് ആസൂത്രണം ചെയ്യുക.