SHARE

ഇക്കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ട്രാവു എഫ്.സിയുടെ ക്യാപ്റ്റൻ ഫൽ​ഗുനി സിങ്ങിന് പിന്നാലെ ഐ.എസ്.ൽ ക്ലബുകൾ. കേരളാ ബ്ലാസ്റ്റേഴ്സടക്കമുള്ള ഐ.എസ്.എൽ ക്ലബുകൾ താരത്തിന് പിന്നാലെ കൂടിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഭാവി സംബന്ധിച്ച് ഫൽ​ഗുനി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.

ഡിഫൻസീവ് മിഡ്ഫീൽഡറായ ഫൽ​ഗുനി കഴിഞ്ഞ സീസണിൽ ഒരു ​ഗോൾ നേടുകയും മൂന്ന് ​ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഈ പ്രകടനത്തോടെയാണ് താരം ശ്രദ്ധേയനയത്. ഇതോടെ ഐ-ലീ​ഗ് കഴിഞ്ഞതിന് പിന്നാലെ ഫൽ​ഗുനിയെ തേടി ബ്ലാസ്റ്റേഴ്സെത്തി. താരത്തിന് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ട്. ഈ ഓഫർ സ്വീകരിച്ച് ഫൽ​ഗുനി ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോർട്ടുകൾ. എന്നാലിപ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നാണ് ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ കൈകാര്യം ചെയ്യുന്ന ചില ട്വിറ്റർ അക്കൗണ്ടുകൾ ട്വീറ്റ് ചെയ്തത്.

ഇത് പ്രകാരം ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റ് ചില ടീമുകളുടേയും ഓഫറുകൾ ഫൽ​ഗുനിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇനിയെങ്ങോട്ട് എന്ന കാര്യത്തിൽ ഫൽ​ഗുനി തീരുമാനമെടുക്കാൻ വൈകുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ രോഹിത് കുമാർ ക്ലബ് വിടുകയാണ്. ഈ സാഹചര്യത്തിൽ ഫൽ​ഗുനി വരുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.