SHARE

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അഞ്ചാം പോരാട്ടത്തിൽ ഇന്ന് എഫ് സി പൂനെ സിറ്റിയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് പൂനെയ്ക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ലാൽ റുവാത്താര, കെസിറോൺ കിസിറ്റോ, ഹോളിചരൺ നർസാരി എന്നിവർ പുറത്തായപ്പോൾ സിറിൾ കാലി, സഹൽ അബ്ദുൾ സമദ്, ലിൻ ഡൂംഗൽ എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തി. മലയാളി പ്രതിരോധതാരം അനസിന് ഇന്നും ടീമിലിടം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും പകരക്കാരുടെ നിരയിൽ താരത്തിന്റെ പേരുണ്ട്.

ആദ്യ മത്സരത്തിൽ എ ടികെ യ്ക്കെതിരെ ജയം നേടിയ ശേഷം തുടർച്ചയായ 3 സമനില കൾ വഴങ്ങിയ കേരളം ജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പൂനെയ്ക്കെതിരെ ജയിച്ചാൽ അഞ്ചാമതെത്താം. അതേ സമയം നിലവിൽ 4 മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമുള്ള പൂനെ, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.