SHARE

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയില്‍ നടക്കുന്ന ഐ എസ് എല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് ആവേശമായി പുള്‍ഗ കളത്തിലിറങ്ങുന്നു. കഴിഞ്ഞ മത്സരം കളിച്ചതില്‍ നിന്ന് അഞ്ചു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്. സുഭാശിഷ് റോയ്, ലാകിച്ച് പെസിച്ച്, ലാല്‍റുവാത്താര, മിലന്‍ സിംഗ്, ദിമിറ്റര്‍ ബെര്‍ബറ്റോവ് എന്നിവര്‍ക്ക് പകരം പോള്‍ റച്ചുബ്ക്ക, സന്ദേശ് ജിങ്കന്‍, റിനോ ആന്റോ, അറാട്ട ഇസുമി, പുള്‍ഗ എന്നിവര്‍ ടീമിലെത്തി. ദീപേന്ദ്ര നേഗി, ബെർബറ്റോവ് തുടങ്ങിയവർ പകരക്കാരുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

സെമിഫൈനല്‍ കടക്കുന്നതിന് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാല്‍ മാത്രം പോരാ ബ്ലാസ്റ്റേഴ്‌സിന്. ഒപ്പം മറ്റു മത്സരങ്ങളെല്ലാം അനുകൂലമാവുകയും വേണം. അത് കൊണ്ട് തന്നെ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ അജണ്ടയിലില്ല. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ച് സെമിഫൈനല്‍ സ്വപ്നങ്ങളൊന്നുമില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളെല്ലാം അഭിമാനപ്പോരാട്ടങ്ങളാണ്.

നേരത്തെ കൊച്ചിയില്‍ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സി കെ വിനീതിന്റെ ഏക ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. നിലവില്‍ 15 കളികളില്‍ നിന്ന് 21 പോയന്റോടെ ലീഗില്‍ അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. അത്രയും കളികള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റ് യുണാറ്റഡ് 11 പോയന്റോടെ 9ാമതാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം: പോള്‍ റച്ചുബ്ക്ക, സന്ദേശ് ജിങ്കന്‍, വെസ് ബ്രൗണ്‍, റിനോ ആന്റോ, പ്രശാന്ത് കെ, പുള്‍ഗ, കറേജ് പെക്കൂസണ്‍, അറാട്ട ഇസുമി, ജാക്കിചന്ദ് സിംഗ്, സികെ വിനീത്, ഗുഡ്‌ജോണ്‍ ബാഡ്‌വില്‍സണ്‍.