SHARE

ഐ.എസ്.എല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ​ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ‍ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആതിഥേയർ ബ്ലാസ്റ്റേഴ്സിന് വീഴ്ത്തിയത്. ​ഗോവയ്ക്കായി ഹ്യൂ​ഗോ ബോമസ് രണ്ട് ​ഗോൾ നേടി. ജാക്കിചന്ദ് സിങ് ഒരു ​ഗോൾ നേടി. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ ബെർത്തലോമിയോ ഓ​ഗ്ബെച്ചെയും റാഫേൽ മെസിബൗളിയുമായണ് വലകുലുക്കിയത്.

​ഗോൾനില സൂചിപ്പിക്കും പോലെ തന്നെ മികച്ച പോരാട്ടം നടത്തിയാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ രണ്ട് ​ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്സ് പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ഒപ്പമെത്തിയിരുന്നു. പിന്നീട് 83-ാം മിനിറ്റിലെ ​ഗോളിൽ ​ഗോവ വിജയം ഉറപ്പിക്കുകയായിരുന്നു.

26-ാം മിനിറ്റിൽ ​ഗോവ ആദ്യ വെടി പൊട്ടിച്ചു. ബ്രണ്ടൻ ഫെർണാണ്ടസ് നീട്ടിനൽകിയ പന്ത് ഇടതുപാർശ്വത്തിലൂടെ കുതിച്ചുകയറിയ മന്ദർറാവു ദേശായിയിലേക്ക്. മന്ദർ ബോകിസിനുള്ളിലേക്ക് നീട്ടിയ കിടിലൻ ബോളിൽ ഒന്നു കാല് നീട്ടേണ്ട പണിയേ ഹ്യൂ​ഗോ ബോമസിനുണ്ടായിരുന്നുള്ളു. ഒന്നാന്തരം ടീം ​ഗോൾ. ആ​ദ്യ​ഗോളിന് ശേഷവും ​ഗോവ ആധപത്യം തുടർന്നു.ഇതിനുഫലം അവർക്ക് ആദ്യ പകുതി അവസാനിക്കും മുമ്പ് കിട്ടി.

ഇക്കുറി പന്ത് ക്ലിയർ ചെയ്ത് ബ്ലാസ്റ്റേഴ്സ് താരത്തിന് പിഴച്ചു. പന്ത് നേരേ കൊറോയിലേക്ക്. അളന്നുമുറിച്ച് കോറോ നൽകിയ ക്രോസിൽ ജാക്കിചന്ദ് കാല് നീട്ടി. പന്ത് ​ഗോളിലേക്ക് നീങ്ങുമ്പോൾ നോക്കിനിൽക്കാനെ ടി.പി.രഹനേഷിനായുള്ളു. ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ട്​ ​ഗോൾ ലീ​ഡിൽ ​ഗോവൻ മേധാവിത്വം.

രണ്ട് ​ഗോൾ കടത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ മനസിൽ പദ്ധതികളേറെയുണ്ടായിരുന്നു. തുടർച്ചയായി ആക്രമിച്ച ബ്ലാസ്റ്റേഴ്സ് 52-ാം മിനിറ്റിൽ ഒരു ​ഗോൾ മടക്കി. വലതുവിങ്ങിൽ നിന്ന് സെത്യാസെൻ നൽകിയ നൽകിയ പാസ് ബോക്സിന് മുന്നിലുള്ള ഓ​ഗ്ബെച്ചെയിലേക്ക്. കിടിലൻ ടച്ചിലൂടെ ബോക്സിലേക്ക് കുതിച്ചുകയറിയ മെസിയിലേക്ക്. മെസിയുടെ ഇടങ്കാൽ ഷോട്ട് വലകുലുക്കി. വീണ്ടും ആക്രമിച്ച് സമനിലയ്ക്ക് ശ്രമിച്ച ബ്ലാസ്റ്റേഴ്സിന് 69-ാം മിനിറ്റിൽ ആശ്വാസനിമിഷം. സിഡോ എടുത്ത കോർണർകിക്കിൽ ഉയർന്നുചാടി തലവച്ച ഓ​ഗ്ബെച്ചെയ്ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഒപ്പം.

ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയതോടെ ​ഗോവ ആക്രമണം ശകതമാക്കി. തുടർആക്രമണങ്ങളുടെ ഫലമായി 83-ാം മിനിറ്റിൽ ​ഗോവ ലീഡ് തിരിച്ചുപിടിച്ചു. മൊറോക്കൻ മിഡ്ഫീൽഡ് ജനറൽ അഹമ്മദ് ജഹു നൽകിയ് നീളൻ പന്തിൽ ബോമസിന്റെ കിടിലൻ ഷോട്ട്. ഷോട്ട് തടുക്കുന്നിൽ രഹനേഷിന്റെ പിഴവും കൂടിച്ചേർന്ന് പന്ത് വലയിലേക്ക്. ​ഗോവയ്ക്ക് ആവേശജയവും.