SHARE

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും അനുകൂലപ്രതികരണം. ആരാധകര്‍ക്കായി ക്ലബ് മെമ്പര്‍ഷിപ്പും ഹോം മത്സരങ്ങള്‍ക്കായി സീസണ്‍ ടിക്കറ്റും ഏര്‍പ്പെടുത്താനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്. ഒക്‌ടോബര്‍ ആദ്യവാരത്തോടെ ടിക്കറ്റ് നിരക്കുകള്‍, സീസണ്‍ ടിക്കറ്റ് എന്നിവ പ്രഖ്യാപിക്കും. ദീര്‍ഘനാളായുള്ള ആരാധകരുടെ ആവശ്യമാണ് സീസണ്‍ ടിക്കറ്റ്.

സീസണ്‍ ടിക്കറ്റ് സംവിധാനം എല്ലാ മത്സരങ്ങളും കാണാനെത്തുന്ന ആരാധകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ തവണ 199 രൂപയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. 249, 349, 1250 എന്നിങ്ങനെയായിരുന്നു മറ്റു നിരക്കുകള്‍. നിലവില്‍ എഫ്‌സി ഗോവ മാത്രമാണ് ആരാധകര്‍ക്കായി ക്ലബ്ബ് മെമ്പര്‍ഷിപ്പും സീസണ്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്‌മെന്റ് ഇതു നടപ്പിലാക്കിയിരുന്നില്ല. ഇതിനു ബദലായി മുന്‍കൂര്‍ ടിക്കറ്റ് വില്പനയ്ക്ക് ഇളവ് പ്രഖ്യാപിക്കുക മാത്രമാണു കഴിഞ്ഞ സീസണില്‍ ചെയ്തിരുന്നത്. ക്ലബ്ബിന്റെ സിഇഒ തലത്തിലടക്കം മാറ്റം വന്നതോടെയാണു പുതിയ സംവിധാനത്തെക്കുറിച്ചും ആലോചനകള്‍ തുടങ്ങിയത്. ക്ലബ് മെംബര്‍ഷിപ്പ് ഏര്‍പ്പെടുത്തിയാല്‍ ആരാധകര്‍ക്കു ടിക്കറ്റ്, ജഴ്‌സി നിരക്കിലടക്കം നിരവധി ഇളവുകള്‍ ലഭിക്കും. ഒക്‌ടോബര്‍ 20ന് കൊച്ചിയിലാണു സൂപ്പര്‍ ലീഗിന്റെ ആറാം സീസണ്‍ കിക്കോഫ്. എടികെയാണ് ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.